കോടതി വെറുതെ വിട്ടു, മകൻ വിട്ടില്ല; ഏഴു കൊല്ലം നീറിപ്പുകഞ്ഞ പകയിൽ കൊലപാതകം

#ന്യൂസ് ഡെസ്ക്
ജോസ്, പ്രതി പോളി
ജോസ്, പ്രതി പോളി

മഞ്ഞപ്ര: മഞ്ഞപ്രയിലെ കൊലപാതകം നാടിനെ നടുക്കി. വസ്തുതർക്കത്തെത്തുടർന്ന് അയൽവാസികൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങൾ രണ്ട് വീടുകളിലെ ഗൃഹനാഥൻമാരുടെ ജീവനാണെടുത്തത്. 2018-ലാണ് കാളാംപറമ്പൻ ജോസ് കൊലചെയ്യപ്പെടുന്നത്. വഴിത്തർക്കത്തെത്തുടർന്നുണ്ടായ അടിപിടിക്കിടെ കപ്പയുടെ കടഭാഗം കൊണ്ടുള്ള അടിയേറ്റതിനെ തുടർന്നാണ് ജോസ് മരിച്ചത്. ഈ സംഭവത്തിൽ, തിങ്കളാഴ്ച വെടിയേറ്റുമരിച്ച കിലുക്കൻ ജോസും സഹോദരനും പ്രതികളായിരുന്നു. കോടതി വെറുതേവിട്ടതിനെത്തുടർന്ന് പുറത്തിറങ്ങിയ ജോസ് കെ.എസ്.ആർ.ടി.സി.യിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിതാവ് കൊല്ലപ്പെട്ട കേസിൽ ജോസിന് വേണ്ട ശിക്ഷ ലഭിക്കാതെ പോയെന്ന വിഷമം കാളാംപറമ്പൻ ജോസിന്റെ മകനായ പോളിക്കുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച ഡ്യൂട്ടികഴിഞ്ഞെത്തി, മകൻ ജെറാൾഡിനെയും കൂട്ടി തോട്ടിൽ കുളിക്കാനെത്തിയപ്പോഴാണ് ജോസിന് വെടിയേറ്റത്. വെടിയൊച്ച കേട്ട് പകച്ചുപോയ മകൻ ജെറാൾഡ് കുളിക്കടവിൽനിന്നും ഓടിക്കയറി നാട്ടുകാരെ അറിയിക്കുകയായിരുന്നു. പുറത്ത് വെടിയേറ്റ ജോസ് അപ്പോഴേക്കും കടവിൽ കമഴ്ന്നുവീണു. ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിവെച്ചത്. സംഭവം നടന്ന കോതായി തോട് പരിസരം കാലടി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ കാലടി സ്റ്റേഷനിലേക്ക് എത്തിച്ച് ചോദ്യംചെയ്തു.

Content Highlights: Investigation into the double murder case in Manjapra., Root cause identified as a long-standing property and road dispute., Connection to a 2018 murder case involving the deceased., Police suspect revenge as the primary motive behind the shooting.