ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് തട്ടിയെടുത്തത് 30 ലക്ഷംരൂപ; യുവാവിനെ ഭാര്യവീട്ടിൽനിന്ന് പിടികൂടി പോലീസ്

കാർത്തിക് പങ്കജാക്ഷൻ
കാർത്തിക് പങ്കജാക്ഷൻ

കണ്ണൂര്‍: ട്രാവല്‍ ഏജന്‍സികളെ കബളിപ്പിച്ച് 30 ലക്ഷം തട്ടിയ കേസില്‍ തൃശ്ശൂര്‍ സ്വദേശിയും തമിഴ്‌നാട് ഡിണ്ടിക്കലില്‍ താമസക്കാരനുമായ കാര്‍ത്തിക് പങ്കജാക്ഷന്‍ (30) അറസ്റ്റില്‍. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശ്ശൂരില്‍നിന്നാണ് ഇയാളെ അറസ്റ്റ്ചെയ്തത്. നവി മുംബൈ കേന്ദ്രീകരിച്ച് കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, മധുര എന്നിവിടങ്ങളില്‍നിന്നായി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ആവശ്യക്കാര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്താണ് തട്ടിപ്പ് നടത്തിയത്. യാത്രചെയ്യേണ്ട ദിവസങ്ങള്‍ക്ക് മുന്‍പ് ട്രാവല്‍ ഏജന്‍സികളില്‍ വിളിച്ച് ടിക്കറ്റ് ക്രെഡിറ്റായി ഇഷ്യു ചെയ്യിപ്പിക്കും. ടിക്കറ്റ് കൈപ്പറ്റിയശേഷം ട്രാവല്‍ ഏജന്‍സികള്‍ക്ക് പണം നല്‍കാതെ ഇത് യാത്രക്കാര്‍ക്ക് നല്‍കി പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതിയെന്ന് പോലീസ് പറഞ്ഞു. നവി മുബൈയിലുള്ള സ്വന്തം ട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ചാണ് ബി.ടെക്. ബിരുദധാരിയായ കാര്‍ത്തിക്ക് തട്ടിപ്പ് നടത്തിയത്.

കണ്ണൂര്‍ കളക്ടറേറ്റിന് സമീപത്തെ സാന്റ മോണിക്ക ട്രാവല്‍ ഏജന്‍സിയില്‍നിന്ന് വിമാന ടിക്കറ്റുകളെടുത്ത് പണം നല്‍കാതെ അഞ്ചരലക്ഷം രൂപ തട്ടിയ സംഭവത്തിലാണ് തൃശ്ശൂരിലെ ഭാര്യവീട്ടില്‍വെച്ച് കാര്‍ത്തിക്കിനെ അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്തെ ഒരു പ്രധാന ട്രാവല്‍ ഏജന്‍സിയും സമാനമായ പരാതിയുമായി എത്തി. എസ്.ഐ.മാരായ സി.എച്ച്. നസീബ്, സവ്യ സച്ചി, സി.പി.ഒ.മാരായ കെ. രാജേഷ്, നാസര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested for looting 30 lakhs from travel agencies