മഹാദേവ് ബുക്ക് കേസ്: 200 കോടി പൊടിച്ച ആഡംബരവിവാഹം, നടന്‍ രണ്‍ബീര്‍ കപൂറിനും ഇ.ഡി. നോട്ടീസ്

ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ ആരോപിക്കുന്ന 'മഹാദേവ് ബുക്ക്' കേസില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും ഇ.ഡി.യുടെ നോട്ടീസ്. വാതുവെയ്പ്പ് ആപ്പായ 'മഹാദേവ് ബുക്കി'ന്റെ പ്രൊമോഷനുവേണ്ടി പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. രണ്‍ബീര്‍ കപൂറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനാണ് നടനെ വിളിച്ചുവരുത്തുന്നതെന്നും രണ്‍ബീര്‍ കപൂറിനെ കേസിലെ പ്രതിയാക്കിയിട്ടില്ലെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച റായ്പുരിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് രണ്‍ബീര്‍ കപൂറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് നടനെ വിളിച്ചുവരുത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
മഹാദേവ് ബുക്ക് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളും ഗായകരും ഇ.ഡി.യുടെ നിരീക്ഷണത്തിലാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹാദേവ് ബുക്ക് പ്രൊമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനി നടത്തിയ പാര്‍ട്ടികളിലും പങ്കെടുത്ത താരങ്ങളാണ് ഇ.ഡി.യുടെ നിരീക്ഷണവലയത്തിലുണ്ടായിരുന്നത്. സണ്ണി ലിയോണ്‍, നേഹ കക്കാര്‍, ആതിഫ് അസ്ലം എന്നിവരടക്കം 15-ഓളം പേരാണ് ഇ.ഡി.യുടെ നിരീക്ഷണത്തിലുള്ളതെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
അതിനിടെ, മഹാദേവ് ബുക്ക് പ്രൊമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിനായി 200 കോടി രൂപ ചെലവഴിച്ചതായും ഇത് മുഴുവന്‍ കറന്‍സിയായാണ് നല്‍കിയതെന്നും ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എ.ഇ.യില്‍വെച്ചാണ് സൗരഭ് ചന്ദ്രകാറിന്റെ വിവാഹചടങ്ങുകള്‍ നടന്നത്. സ്വകാര്യവിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഇന്ത്യയില്‍നിന്നുള്ള അതിഥികളെ യു.എ.ഇ.യില്‍ എത്തിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതിനായി കോടികളാണ് മഹാദേവ് ബുക്ക് പ്രൊമോട്ടര്‍മാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയതെന്നും പണമായി മാത്രം കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയ പണത്തില്‍ 112 കോടി രൂപയും ഹവാല ഇടപാടുകളിലൂടെയാണെന്നാണ് പ്രധാന കണ്ടെത്തല്‍. ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്കായി 42 കോടി രൂപ ചെലവഴിച്ചത് യു.എ.ഇ. കറന്‍സിയിലാണെന്നും ഇ.ഡി. അധികൃതര്‍ പറഞ്ഞിരുന്നു.
കോടികളുടെ കള്ളപ്പണ, ഹവാല ഇടപാടുകള്‍ നടന്നതായുള്ള കണ്ടെത്തലിന് പിന്നാലെയാണ് മഹാദേവ് ബുക്ക് ആപ്പിനെതിരേ ഇ.ഡി. കേസെടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ 417 കോടി രൂപയുടെ സ്വത്തും ഇ.ഡി. പിടിച്ചെടുത്തിരുന്നു. ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പാള്‍ എന്നിവരാണ് മഹാദേവ് ബുക്കിന്റെ മുഖ്യപ്രൊമോട്ടര്‍മാര്‍. യു.എ.ഇ. കേന്ദ്രീകരിച്ചാണ് ഇരുവരും കമ്പനി നടത്തിയിരുന്നതെന്നും ഇ.ഡി. അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Content Highlights: mahadev book online betting app case ed notice to actor ranbir kapoor