ജ്യൂസും ടയർകടയും,2000രൂപ വരുമാനമുണ്ടായിരുന്നവർ കോടീശ്വരന്മാരായി;മറനീങ്ങുന്നു 5000 കോടിയുടെ തട്ടിപ്പ്

സൗരഭിന്റെ വിവാഹചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ | Photos: Twitter
സൗരഭിന്റെ വിവാഹചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ | Photos: Twitter

റായ്പുര്‍: ആഡംബരത്തിന്റെ അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരംഭിച്ച അന്വേഷണം വഴിതുറന്നത് 5000 കോടിരൂപയുടെ വാതുവെപ്പ് തട്ടിപ്പിലേക്ക്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഇ.ഡി. പിടിമുറുക്കുന്നതോടെ കുരുക്കിലാകുന്നവരില്‍ ബോളിവുഡ് താരനിരയും.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബെറ്റിങ് ആപ്പിന്റെ ഉടമകളിലൊരാളായ സൗരഭ് ചന്ദ്രകാറിന്റെ യു.എ.ഇ.യില്‍നടന്ന വിവാഹത്തിന് പൊടിച്ചത് 250 കോടിയിലേറെ രൂപ. അതില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍പോയ ബോളിവുഡ് താരങ്ങളും കലാകാരരും കൈപ്പറ്റിയത് കോടികള്‍. തുക കൈമറിഞ്ഞത് മുഴുവനും പണമായി. കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തിനെത്താന്‍ ചാര്‍ട്ടര്‍ചെയ്ത വിമാനങ്ങള്‍. കല്യാണത്തിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് അന്വേഷിച്ചുചെന്ന ഇ.ഡി. സഹസ്രകോടികളുടെ വാതുവെപ്പ് തട്ടിപ്പിലേക്കാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേക്കുറിച്ച് ഏജന്‍സി സമാന്തരമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം 39 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ 417 കോടിരൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടി.

ഈ കേസില്‍ ചോദ്യംചെയ്യാനായി വെള്ളിയാഴ്ച ഹാജരാകാനായി പ്രമുഖ ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിന് ഇ.ഡി. കഴിഞ്ഞദിവസം നോട്ടീസയച്ചിരുന്നു. എന്നാല്‍, രണ്‍ബിര്‍ ഒരാഴ്ച സമയം നീട്ടിച്ചോദിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഹാസ്യനടന്‍ കപില്‍ ശര്‍മ, നടിമാരായ ഹുമ ഖുറേശി, ഹിനാ ഖാന്‍ എന്നിവരെയും ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കുപുറമേ പത്തിലേറെ വേറെയും കലാകാരര്‍ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. അവരെയും വൈകാതെ വിളിപ്പിക്കുമെന്നാണ് ഇ.ഡി. പറയുന്നത്.

ഛത്തീസ്ഗഢിലെ ഭിലായി സ്വദേശിയായ സൗരഭ് ചന്ദ്രകാറും പങ്കാളിയായ രവി ഉപ്പലുമാണ് മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകള്‍. ഇരുവരും വിദേശത്ത് ഒളിവിലാണിപ്പോള്‍. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായില്‍നിന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടം, വാതുവെപ്പ് എന്നിവയ്ക്കാണ് ആപ്പ് വേദിയൊരുക്കിയത്. പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസി അന്വേഷകരെയും ആകര്‍ഷിക്കുന്നതിനായി ഇന്ത്യയില്‍ വന്‍തുകയാണ് ഇവര്‍ പരസ്യത്തിനായി ചെലവഴിച്ചത്.

യു.എ.ഇ.യിലെ വിവാഹത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചതിനുപുറമേ ആപ്പിന്റെ പ്രചാരണപ്രവര്‍ത്തനത്തിലും നടീനടന്മാര്‍ ഏര്‍പ്പെട്ടിരുന്നു. കോടികളുടെ കള്ളപ്പണമാണ് അതുവഴി കൈമറിഞ്ഞതെന്നാണ് ഇ.ഡി. കരുതുന്നത്.

സിനിമയെ വെല്ലുന്ന ജീവിതം

തട്ടുപൊളിപ്പന്‍ ബോളിവുഡ് സിനിമയുടെ കഥയെ വെല്ലുന്നതാണ് മഹാദേവ് ബെറ്റിങ് ആപ്പ് ഉടമകളായ സൗരഭ് ചന്ദ്രകാറിന്റെയും പങ്കാളി രവി ഉപ്പലിന്റെയും ജീവിതം. ഛത്തീസ്ഗഢിലെ ഭിലായിലെ നെഹ്രുനഗറില്‍ ജ്യൂസ് കട നടത്തിയാണ് ഇരുപത്തിയെട്ടുകാരനായ സൗരഭ് വരുമാനം കണ്ടെത്തിയിരുന്നത്. രവി ഉപ്പലാകട്ടെ ഒരു ചെറിയ ടയര്‍കടയുടെ നടത്തിപ്പുകാരനായിരുന്നു. പ്രതിദിനം രണ്ടായിരം രൂപയില്‍താഴെ വരുമാനമുണ്ടാക്കിയവരാണ് ബെറ്റിങ് ആപ്പിലൂടെ മിന്നല്‍വേഗത്തില്‍ ശതകോടികള്‍ സമ്പാദിച്ചതും അത് 5000 കോടിയുടെ തട്ടിപ്പിലേക്ക് നീണ്ടതും.

ചൂതാട്ടത്തോടുള്ള അടങ്ങാത്ത കമ്പമാണ് ഇരുവരെയും ഈ മേഖലയില്‍ മുടിചൂടാമന്നന്മാരാക്കിയത്. ഒരു ശൈഖിന്റെയും പാകിസ്താന്‍കാരന്റെയും സഹായത്തോടെയാണ് ദുബായില്‍ വേരുറപ്പിച്ചത്. ഹിന്ദി, തമിഴ് സിനിമാലോകത്തെ താരങ്ങളുമായി ഇരുവരും അടുത്തബന്ധം പുലര്‍ത്തി. കായികതാരങ്ങളും തോഴരായി. രാഷ്ട്രീയനേതാക്കളുമായി അടുത്തസൗഹൃദമുണ്ടാക്കി. ഇന്ത്യക്കും യു.എ.ഇ.യ്ക്കും പുറമേ ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇവരുടെ ബെറ്റിങ് ആപ്പ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നു.

Content Highlights: mahadev betting app case