ഒരു പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ; വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വിറ്റിരുന്ന സംഘം പിടിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽപന നടത്തിയ സംഘം പിടിയിൽ. ലഖ്‌നൗവിൽ നിന്നാണ് സംഘം പിടിയിലായത്. വിവാഹം കഴിപ്പിക്കാനാണ് എന്നുപറഞ്ഞ് പെൺകുട്ടികളെ വീടുകളിൽനിന്നും കൊണ്ടുവന്ന് ആവശ്യക്കാരിൽനിന്നും വലിയ തുകകൾ വാങ്ങി വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതി.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പ്രതികൾ ചൂഷണം ചെയ്തിരുന്നത്. അനുരാഗ് യാദവ്, അക്തർ, പ്രിയ പാട്ടീൽ എന്നിങ്ങനെ മൂന്ന് പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രിയ പാട്ടീലാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രക എന്ന് കേസിൽ അന്വേഷണം നടത്തുന്ന ലഖ്‌നൗവിലെ മോഹൻലാൽഗഞ്ച് പോലീസ് പറയുന്നു.
ഇരുപതോളം പെൺകുട്ടികളെയാണ് ഈ സംഘം വിറ്റത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. രാജസ്ഥാനിലേക്കാണ് ഇവർ പെൺകുട്ടികളെ വിറ്റിരുന്നത്. ആവശ്യക്കാരുമായി ബന്ധപ്പെടുകയും ഇടപാടുകളെല്ലാം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത് പ്രിയയാണ്. പെൺകുട്ടികളെ അണിയിച്ചൊരുക്കി, ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയയ്ക്കുകയും അവരുടെ ആവശ്യമനുസരിച്ച് പെൺകുട്ടികളെ വിൽക്കുകയുമായിരുന്നു ഇവരുടെ രീതി.
ആദ്യ ഘട്ടത്തിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയെയാണ് ഇവർ ഇതുപോലെ വിറ്റത്. അപകടമൊന്നുമില്ല എന്ന് മനസിലാക്കിയതോടെ ഇവരിതൊരു തൊഴിലാക്കി മാറ്റുകയായിരുന്നു. ഒന്നരലക്ഷം രൂപ വരെ വാങ്ങിയാണ് പ്രതികൾ പെൺകുട്ടികളെ വിറ്റിരുന്നത്. പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുകയാണ് എന്നാണ് ഇവർ അവരുടെ ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ടുപേരെ കൂടി പിടികൂടാനുണ്ട് എന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ പക്കലുണ്ടായിരുന്ന നാല് വാഹനങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾ വിറ്റ പെൺകുട്ടികളുടെയും, പ്രദേശത്തുനിന്നും കാണാതായ പെൺകുട്ടികളുടെയും വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Three-member gang arrested for trafficking minor girls in Lucknow. Modus operandi involved posing as marriage brokers to exploit poor families. Approximately 20 girls were sold to Rajasthan for Rs 1.5 lakh each. Main conspirator Priya Patil and two associates are in custody. Police have seized four vehicles and are searching for two remaining suspects.