കോവളം സ്പായിലെ പീഡനം; ഒരാളെ കൂടി അറസ്റ്റ് ചെയ്തു, അറസ്റ്റിലായവർ ഇതോടെ 13 പേർ

പ്രതി മിഥുന്‍
പ്രതി മിഥുന്‍

കോവളം: ബെംഗളുരുവിൽ നിന്ന് കോവളത്തെ സ്പായിലെത്തിച്ച് പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനിയെ നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള ടിസി 59/1045-ൽ പക്കു എന്ന മിഥുൻ (26) ആണ് കോവളം സ്പാ പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ 13- പേർ അറസ്റ്റിലായി. സ്പാകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങളും രജിസ്റ്ററിലെ പേരുകളും, ഗൂഗിൾ പേ വഴി പണം നൽകിയ തെളിവുകളും, പീഡനത്തിന് ഇരയായ പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞതുമാണ് 13- പ്രതികളെയും അറസ്റ്റുചെയ്യാൻ കഴിഞ്ഞത്. കേസിലെ മൂന്നാം പ്രതിയായ സജിത്ത് കുമാറിന്റെ കോവളം വൈക്കോൽ കുളത്തിനടുത്തുള്ള ആയുർകേരളയിൽ വച്ചായിരുന്നു ഇയാൾ പീഡിപ്പിച്ചതെന്ന് എസ്.ഐ.ടി. മേധാവിയും കൺട്രോൾറൂം അസി: കമ്മീഷണറുമായ എസ് ചന്ദ്രകുമാർ പറഞ്ഞു.

പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ വിവരശേഖരത്തിൽ സ്പായിലെ സന്ദർശകരുടെ പട്ടികയിൽ മിഥുന്റെ പേരും ഉണ്ടായിരുന്നു. ഇയാൾ സ്പായിൽ ഗൂഗിൾ പേ വഴി നൽകിയിരുന്നു. അന്വേഷണസംഘത്തിലെ സൈബർ വിഭാഗം നടത്തിയ പരിശോധനയിലും ഇത് കണ്ടെത്തിയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയും ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റുചെയ്തതെന്ന് അസി. കമ്മീഷണർ പറഞ്ഞു. നിരവധി തവണ മിഥുൻ ആയുർ കേരള സ്പായിൽ വന്നിരുന്നുവെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു