പബ്ബിലെ സംഘര്‍ഷം; യുവതി യുവാവിനെ കുത്തിയത് രണ്ടാമതും കടന്നുപിടിച്ചപ്പോള്‍; പ്രതി റിമാന്‍ഡില്‍

കൊച്ചി: കതൃക്കടവ് ഇടശേരി മില്ലേനിയന്‍സ് പബ്ബില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീറിനെ (39) യാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇയാളെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
ജൂണ്‍ 28-ന് രാത്രി 10.30-നായിരുന്നു സംഭവം. ഡിജെ പാര്‍ട്ടിക്കെത്തിയ യുവതിയെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ബഷീര്‍ കയറിപ്പിടിക്കുകയായിരുന്നു. ഒരു തവണ താക്കീത് ചെയ്‌തെങ്കിലും ദുരുദ്ദേശ്യത്തോടെ വീണ്ടും കടന്നുപിടിച്ചതോടെ യുവതി വൈന്‍ ഗ്ലാസ് പൊട്ടിച്ച് ബഷീറിനെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച ആശുപത്രി വിട്ടെങ്കിലും പോലീസ് നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ആക്രമിച്ച കേസില്‍ ഉദയംപേരൂര്‍ സ്വദേശിനിയായ 29-കാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
Content Highlights: A man was remanded for harassing a woman at a Kochi pub.