ഇഡിയില്‍ 'തൊടാതെ' വിജിലന്‍സ്; പ്രതിയെ ചോദ്യംചെയ്യാനുള്ള നടപടിക്രമങ്ങള്‍പോലും തുടങ്ങിയില്ല

കൊച്ചി: കള്ളപ്പണകേസ് ഒതുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന കേസില്‍ ഇനിയും 'ഇഡി'യില്‍ എത്താതെ സംസ്ഥാന വിജിലന്‍സ്. ഒന്നാംപ്രതിയാക്കിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യംചെയ്യാനുള്ള നടപടിക്രമങ്ങള്‍പോലും വിജിലന്‍സ് തുടങ്ങിയില്ല. ഇഡി കൊച്ചി ഓഫീസിനെ കേസ് സംബന്ധമായി ബന്ധപ്പെട്ടിട്ടുമില്ല.
അനീഷിന്റെ ഭാര്യ 'ഏജന്റ്' മുകേഷിനെ കണ്ടുവെന്നതിന്റെ ദൃശ്യങ്ങള്‍ ഇഡി ഓഫീസിലെ സിസിടിവിയില്‍നിന്ന് തെളിവായി ശേഖരിക്കാനായാല്‍ കേസ് കൂടുതല്‍ ബലപ്പെടും. എന്നാല്‍, ഈ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കസ്റ്റഡിയില്‍വാങ്ങിയ മൂന്നുപ്രതികളുടെയും കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാന്‍ വിജിലന്‍സ് വൈകുന്നത് എന്നതിനാണ് ഉത്തരംവേണ്ടത്.
തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി 'ഏജന്റു'മാരായ തമ്മനം സ്വദേശി വില്‍സണെയും മുകേഷ് കുമാറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരെയും അറസ്റ്റുചെയ്തതെന്ന് വിജിലന്‍സ് എസ്.പി. എസ്. ശശിധരന്‍ പറയുന്നു.
എന്നാല്‍, ശേഖര്‍ കുമാറിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവുകള്‍ ശേഖരിച്ചശേഷമേ ഇഡിയെ ഔദ്യോഗികമായി സമീപിക്കൂ എന്നുമാണ് സൂചന.
കേസില്‍ അറസ്റ്റിലായ ഇഡി 'ഏജന്റ്' വില്‍സണ്‍ പറഞ്ഞതുപ്രകാരം, പരാതിക്കാരനായ അനീഷ് ബാബു 50,000 രൂപ മുംബൈയിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. ഈ അക്കൗണ്ടിലേക്ക് ഇതിനുമുന്‍പും കേരളത്തില്‍നിന്ന് പണം കൈമാറിയിട്ടുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
കേസിലെ പ്രധാനകണ്ണിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ കൈവശമുള്ള ഇഡി സമന്‍സ് വിവരങ്ങളിലെ വ്യക്തികളിലാരെങ്കിലും ഈരീതിയില്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ കേസില്‍ അത് വഴിത്തിരിവായി മാറും. ഒപ്പം രഞ്ജിത്ത് വാര്യരുടെ മൊഴികളും കേസില്‍ പ്രധാനമാണ്.
Content Highlights: Kerala Vigilance slow to act on ED officer bribery case. Accused ED official yet to be questioned