'ഉയിർ' സിനിമയ്ക്ക് ആധാരമായ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; മൊഴി നൽകിയതിൽ 15-കാരനായ മകനും, ശിക്ഷാവിധി നാളെ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva

തലശ്ശേരി: ഏറെ വിവാദമുയർത്തിയ ഇരിട്ടി ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. പ്രതിയായ മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മരാജനഹള്ളി സ്വദേശി ടി.ആർ. മഞ്ജുനാഥ് (44) കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. കേസിൽ ജഡ്ജി സി.ജെ. ഡെന്നി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് കർണാടക സ്വദേശിയായ ശോഭ എന്ന യുവതിയെ കണ്ണൂർ ഇരിട്ടിയിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. 2017 മേയ് ആറിന് കുറ്റപത്രം നൽകി. ശോഭയെ കഴുത്തുഞരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള അഞ്ചും അതിൽ താഴെയും പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികളുമായി പ്രതി മഞ്ജുനാഥ് മൈസൂരിലേക്കും ബംഗളൂരുവിലേക്കും ഒളിച്ചുകടന്നു. തുടർന്ന് മുംബൈയിലേക്കുള്ള ഒരു തീവണ്ടിയിൽ ഈ കുട്ടികളെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

2015-ൽ ശോഭയുടെ ആദ്യ ഭർത്താവായ രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കൊലപ്പെടുത്തി കാട്ടിലിട്ട് കത്തിച്ചതായി പറയപ്പെടുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ശോഭയെ കൊലപ്പെടുത്താൻ മഞ്ജുനാഥിന് പ്രേരണയായതെന്നാണ് അന്വേഷണ സംഘം പറയുന്നത്. മഞ്ജുനാഥ് രണ്ടാംഭാര്യ ശോഭയും, ശോഭയുടെ രണ്ടുമക്കളോടുമൊപ്പം ഇരിട്ടിയിൽ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയാണ് ശോഭയെ കൊലപ്പെടുത്തിയത്. പിന്നീട് കിണറ്റിൽത്തള്ളി.

പിറ്റേദിവസം ബസിൽ മൈസൂരുവിൽനിന്ന് ബെംഗളൂരുവിൽ പോയി. അവിടെ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടികളെ മുംബൈയിലേക്ക് തീവണ്ടികയറ്റി വിടുകയായിരുന്നു. ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ നിന്ന്, ശോഭയുടെ ഭർത്താവ് രാജുവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് മനസിലാക്കി. 2015 ഡിസംബറിൽ മഞ്ജുനാഥും ശോഭയും ചേർന്ന് രാജുവിന്റെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയ ശേഷം വനത്തിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നു.

രാജുവിനെ കൊലപ്പെടുത്തിയത് പോലീസിനോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് മഞ്ജുനാഥ് ശോഭയെ കൊലപ്പെടുത്തിയത്. കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹ പരിശോധനയിൽ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതാണെന്നും മരിച്ചത് 25-നും 28-നുമിടയിൽ പ്രായമുള്ള സ്ത്രീയാണെന്നും ഡോ. ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയതാണ് കേസിൽ നിർണായകമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ പറഞ്ഞു.

അന്വേഷണം വഴിമുട്ടുമായിരുന്ന കേസിൽ തെളിവുകൾ ശേഖരിച്ച് കുട്ടികളെ മുംബൈയിൽ അന്വേഷിച്ച് കണ്ടെത്തിയത് അന്ന് പ്രബോഷൻ എസ്.ഐ.യായിരുന്ന അൻഷാദാണ്. 25-ാം സാക്ഷിയായി കേസിൽ അൻഷാദിനെ വിസ്തരിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാകോടതി (ഒന്ന്) മുമ്പാകെ മൊഴി നൽകിയവരിൽ ശോഭയുടെ കുട്ടിയും ഉണ്ടായിരുന്നു. കേസിൽ മൂന്നാംസാക്ഷിയായാണ് കുട്ടിയെ വിസ്തരിച്ചത്.

'അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവർ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പോലീസ് ഹോസ്റ്റലിലാക്കി. എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് സംഭവം' - എന്നാണ് അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരൻ നൽകിയ മൊഴി.

2026-ൽ പുറത്തിറങ്ങിയ 'ഉയിര്' എന്ന ചിത്രം ഈ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതായിരുന്നു. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ അൻഷാദ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ റോഷൻ മാത്യു ആയിരുന്നു. മുംബൈയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ചു കണ്ടെത്തിയ അൻഷാദിന്റെ സംരക്ഷണയിലാണ് നിലവിൽ ഈ കുട്ടികൾ കഴിയുന്നത്. ഇപ്പോൾ തിരൂർ സി.ഐ. ആണ് അൻഷാദ്. 

Content Highlights: The court found T.R. Manjunath guilty of murdering his second wife, Shobha, in the controversial Iritti murder case, with the sentencing scheduled for the following day. Manjunath killed Shobha by strangulation and disposed of her body in a well, motivated by her threat to reveal their involvement in her first husband's murder. The investigation, led by officer Anshad, uncovered crucial evidence, including testimony from Shobha's child, leading to Manjunath's arrest and conviction.