താത്കാലിക അധ്യാപകനില്‍നിന്ന് കൈക്കൂലി വാങ്ങി; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാലയിലെ താത്കാലിക അധ്യാപകനില്‍നിന്ന് കരാര്‍ പുതുക്കിക്കിട്ടുന്നതിനും പിഎച്ച്.ഡി. പ്രവേശനം തരപ്പെടുത്തുന്നതിനും കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വകലാശാലാ പ്രൊഫസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ എ.കെ. മോഹനാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ താത്കാലികാധ്യാപകന്റെ കരാര്‍ കാലാവധി ഡിസംബറില്‍ അവസാനിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം വരും. അതില്‍ നിയമനം ഉറപ്പാക്കുന്നതിനും ഭാവിയില്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ഡിപ്പാര്‍ട്മെന്റ് റിസര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷയെ എതിര്‍ക്കാതിരിക്കുന്നതിനും കൈക്കൂലിയായി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ആദ്യ ഗഡുവായി അരലക്ഷം രൂപ വെള്ളിയാഴ്ചയ്ക്കകം നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചത്.
വിജിലന്‍സ് വടക്കന്‍ മേഖലാ സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലാണ് കെണിയൊരുക്കിയത്. ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്‍, ഇന്‍സ്പെക്ടര്‍മാരായ എ.സി. ചിത്തരഞ്ജന്‍, എല്‍.ആര്‍. രൂപേഷ്, കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ പി. ഷിബു, അസി. പ്ലാനിങ് ഓഫീസര്‍ റിജു മാത്യു, സബ് ഇന്‍സ്പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ. രാധാകൃഷ്ണന്‍, വി.എം. മധുസൂദനന്‍, പി.വി. സതീശന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വി.ടി. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സന്തോഷ്, ഷീബ, പ്രദീപ്, പി.വി. സുധീഷ്, കെ.വി. ജയന്‍, പ്രദീപ് കുമാര്‍, കെ.ബി. ബിജു, കെ. പ്രമോദ് കുമാര്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നത് പ്രകാരം താത്കാലിക അധ്യാപകര്‍ക്ക് മണിക്കൂറിന് 1500 രൂപയാണ് വേതനം. എന്നാല്‍ പരാതിക്കാരനായ അധ്യാപകന് ഈയിനത്തില്‍ മാത്രം വലിയ തുക കുടിശ്ശികയുണ്ട്.
ഇത് സര്‍വകലാശാലാ ഭരണവിഭാഗവുമായി ബന്ധപ്പെട്ട് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവും പ്രൊഫ. എ.കെ. മോഹന്‍ നല്‍കിയതായും വിവരമുണ്ട്. നേരത്തെ സോഷ്യല്‍വര്‍ക്ക് വിഭാഗം തലവനായിരുന്നു ഇദ്ദേഹം.
Content Highlights: kerala central university professor arrested