ഷീലാ സണ്ണിയെ ചതിച്ചത് മരുമകളുടെ സഹോദരി, കുടുക്കിയ പ്രതിയെ കാണാനാനായി കോടതി വരാന്തയിൽ, ഒടുവിൽ മടങ്ങി

കൊടുങ്ങല്ലൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തിലെ മുഖ്യപ്രതി നാരായണദാസ്(55) കുറ്റം സമ്മതിച്ചതായി പോലീസ്. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും നാരായണദാസിന്റെ സുഹൃത്തുമായ ലിവിയയാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതും ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചതും എന്നും മൊഴിയിലുണ്ട്. ബെംഗളൂരുവിലെ ആഫ്രിക്കക്കാരില്‍നിന്ന് പതിനായിരം രൂപ നല്‍കിയാണ് ലിവിയ സ്റ്റാമ്പ് വാങ്ങിയത്. ലിവിയയെ പറ്റിക്കുകയായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് മനസ്സിലായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. സഹോദരിക്കുണ്ടായ അവഗണനയ്ക്ക് പ്രതികാരമായാണ് ലിവിയ ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഷീലാ സണ്ണിയുടെ വീട്ടില്‍ തലേദിവസം തന്നെ എത്തിയ ലിവിയ സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചശേഷം ഫോട്ടോ എടുത്ത് നാരായണദാസിന് നല്‍കിയിരുന്നു. ഈ ഫോട്ടോ സഹിതമാണ് നാരായണദാസ് എക്‌സൈസിന് വിവരം നല്‍കിയത്.
ഏറെ നാളായി ഒളിവിലായിരുന്ന നാരായണദാസിനെ പ്രത്യേകാന്വേഷണസംഘം ബെംഗളൂരുവില്‍നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിലും ഗൂഢാലോചനയിലും നാരായണദാസിനു പങ്കുള്ളതായി വ്യക്തമായതായി ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു.
എക്‌സൈസ് ക്രൈംബ്രാഞ്ച് നേരത്തേതന്നെ നാരായണദാസിനെ കേസില്‍ പ്രതിചേര്‍ത്തെങ്കിലും ഒളിവില്‍പ്പോയതോടെ അറസ്റ്റ് നീണ്ടു.
കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ഹൈക്കോടതി ഉത്തരവനുസരിച്ച് പിന്നീട് കേസ് പോലീസിനു കൈമാറി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേകാന്വേഷണസംഘം മാര്‍ച്ച് 12-നാണ് കേസ് ഏറ്റെടുത്തത്. അന്വേഷണസംഘത്തിലെ എസ്‌ഐമാരായ ലാല്‍സണ്‍, ഷാജി വര്‍ഗീസ്, സീനിയര്‍ പോലീസ് ഓഫീസര്‍ മിഥുന്‍ ആര്‍. കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഹൊംഗസാന്ദ്ര ബൊമ്മനഹള്ളിയിലെ ഫ്‌ളാറ്റില്‍നിന്ന് നാരായണദാസിനെ പിടികൂടിയത്.
കുടുക്കിയ പ്രതിയെ കാണാനാകാതെ ഷീലാ സണ്ണി മടങ്ങി
ചാലക്കുടി: തന്നെ വ്യാജ മയക്കുമരുന്നുകേസില്‍ കുടുക്കിയ പ്രതിയെ കാണാന്‍ കോടതിവരാന്തയില്‍ ഷീലാ സണ്ണി കാത്തിരുന്നത് ഒന്നര മണിക്കൂര്‍. എന്നാല്‍, പ്രതി നാരായണദാസിനെ കാണാനാകാതെ ഷീലയ്ക്ക് മടങ്ങേണ്ടിവന്നു. അറസ്റ്റിലായ നാരായണദാസിനെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്‍പില്‍ എത്തിക്കുമെന്നായിരുന്നു വിവരം.
നാലോടെ ഷീലാ സണ്ണി കാറില്‍ കോടതിയിലെത്തി. കോടതിക്കെട്ടിടത്തിനു മുന്‍പിലെ ബെഞ്ചില്‍ ഇരുന്നു. എന്നാല്‍, കോടതിസമയം കഴിഞ്ഞിട്ടും പ്രതിയുമായി പോലീസ് എത്തിയില്ല. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുമെന്ന് വിവരം കിട്ടി. ഷീലാ സണ്ണി മജിസ്ട്രേറ്റിന്റെ വീടിന്റെ ഭാഗത്തേക്കു പോയി.
എന്നാല്‍ 7.30-നേ ഇവിടേക്ക് കൊണ്ടുവരുകയുള്ളൂവെന്ന വിവരം ലഭിച്ചു. ആസമയത്ത് വരാമെന്നു കരുതി ഇവര്‍ മടങ്ങി. എന്നാല്‍, ആറുമണിയോടെ പോലീസ് നാരായണദാസിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.
Content Highlights: Kerala Beauty Parlour Owner False Drug Case