ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കരുനാഗപ്പള്ളി: പിതാവിന്റെ അമ്മയുടെ ബാധ ഒഴിപ്പിച്ചുനൽകാമെന്നു പറഞ്ഞ് 16-കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മതാധ്യാപകൻ അറസ്റ്റിൽ. പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ നിയാസാ(34)ണ് അറസ്റ്റിലായത്. 16-കാരിയുടെ പരാതിയെത്തുടർന്ന് ഓച്ചിറ പോലീസാണ് പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.
വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലായി അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള മതപണ്ഡിതനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയുടെ പിതാവിന്റെ അമ്മയുടെ ശരീരത്തിൽ കൂടിയിട്ടുള്ള ബാധ ഒഴിപ്പിക്കാനാണെന്നു പറഞ്ഞ് പരാതിക്കാരിയെയും അച്ഛന്റെ അമ്മയെയും വിളിച്ചുവരുത്തിയിരുന്നു. അവിടെവെച്ചും ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവെച്ചും 16-കാരിയെ പീഡിപ്പിച്ചതായാണ് പരാതി. 2025 ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് പീഡനം നടന്നത്. പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടർന്ന് വിവരമറിഞ്ഞ പോലീസ് പരാതിക്കാരിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി. ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ. ജി. ഗോപകുമാർ, ഓച്ചിറ എസ്.എച്ച്.ഒ. ഷമീർ, എസ്.ഐ. വേണുഗോപാൽ, എസ്.സി.പി.ഒ.മാരായ സുരേഷ്, ദീപു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: A 34-year-old religious teacher was arrested in Karunagappally for allegedly sexually assaulting a 16-year-old girl after promising to remove an evil spirit from her grandmother.