CPM നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണബാങ്കിലെ തട്ടിപ്പ്: ജീവനക്കാരന്റെ പ്രധാന സഹായി അറസ്റ്റില്‍

ഇരിട്ടി(കണ്ണൂര്‍): സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയില്‍നിന്ന് ബാങ്ക് ജീവനക്കാരന്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ജീവനക്കാരന്റെ പ്രധാന സഹായിയെ ഇരിട്ടി പോലീസ് അറസ്റ്റ്ചെയ്തു. തട്ടിപ്പിന് ബാങ്ക് ജീവനക്കാരനായ സുധീര്‍ തോമസിന് എല്ലാ സഹായവും ചെയ്തുകൊടുത്ത കച്ചേരിക്കടവിലെ ഓണ്‍ലൈന്‍ സ്ഥാപന ഉടമ ചക്കാനിക്കുന്നേല്‍ സുനിഷ് തോമസ് (35) ആണ് അറസ്റ്റിലായത്. കൃത്യവിലോപത്തിന് ബാങ്ക് ശാഖാ മാനേജര്‍ എം.കെ. വിനോദിനെ ഭരണസമിതി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പിനെക്കുറിച്ച് സഹകരണവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ബാങ്കിലെ വാച്ച്മാന്‍ സുധീര്‍ തോമസിനെ മൂന്നുദിവസമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. കീഴ്ജീവനക്കാരന്‍ ബാങ്കിന്റെ സ്ട്രോങ് റൂം തുറക്കാനിടയായ സംഭവത്തില്‍ സ്ട്രോങ് റൂമിന്റെ ഉത്തരവാദപ്പെട്ട ആള്‍ എന്ന നിലയില്‍ മാനേജര്‍ക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ യഥാര്‍ഥ സ്വര്‍ണം എടുത്ത് പകരം മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കില്‍നിന്ന് എടുത്ത യഥാര്‍ഥ സ്വര്‍ണം ഇരിട്ടിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റത് സുനീഷ് തോമസാണെന്ന് പോലീസ് കണ്ടെത്തി. സുധീര്‍ തോമസ് ആണ് സ്വര്‍ണം ബാങ്കില്‍ നിന്നെടുത്ത് വില്‍പ്പന നടത്താനായി സുനീഷ് തോമസിന് നല്‍കിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.
ബാങ്കില്‍ നടന്ന വെട്ടിപ്പിനെക്കുറിച്ച് സഹകരണവകുപ്പ് സമഗ്രാന്വേഷണം ആരംഭിച്ചു. ഇരിട്ടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ജയശ്രീയുടെയും സെയില്‍ ഓഫീസര്‍ സി.വി. മനോജിന്റെയും നേതൃത്വത്തില്‍ ബാങ്കിലെ പണയസ്വര്‍ണങ്ങളെ കുറിച്ചുള്ള കണക്കെടുപ്പും പരിശോധനയും ആരംഭിച്ചു.
ഏപ്രില്‍ 29-നും മേയ് രണ്ടിനും ഇടയിലുള്ള ദിവസങ്ങളില്‍ ബാങ്കിന്റെ സ്ട്രോങ്ങ് റൂം തുറന്ന് 18 പായ്ക്കറ്റുകളിലായി ഉണ്ടായിരുന്ന പണയ സ്വര്‍ണം എടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. റൂമിന്റെ താക്കോല്‍ അടങ്ങിയ ബാഗ് ബാങ്കിന്റെ ഷട്ടറിന് മുന്നില്‍വെച്ചാണ് സുധീര്‍ തോമസ് മുങ്ങിയത്. കഴിഞ്ഞദിവസം രാവിലെ സുധീര്‍ തോമസ് താക്കോല്‍ക്കൂട്ടങ്ങള്‍ അടങ്ങിയ ബാഗ് ബാങ്കിന് മുന്നില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം വള്ളിത്തോട് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. സുധീര്‍ തോമസിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കോളിത്തട്ടിന് പിന്നാലെ ആനപ്പന്തി സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ വെട്ടിപ്പ്; പ്രതിരോധത്തിലായി സിപിഎം
സഹകരണമേഖലയിലൂടെ മലയോര മേഖലകളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കാലുറപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാകുകയാണ് ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ്. സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിന് പിന്നാലെ ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിലും നടന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്.
കോളിത്തട്ട് ബാങ്കില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ വെട്ടിപ്പിന് പിന്നില്‍ മുന്‍ ഭരണസമിതി അംഗങ്ങളും ബാങ്കിലെ ജീവനക്കാരുമായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയുടെ കലാവധിക്കുശേഷം വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മത്സരിക്കാന്‍ സിപിഎമ്മില്‍നിന്ന് ഒരാള്‍പോലും രംഗത്ത് വന്നില്ല. രണ്ട് ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ വരുന്ന ബാങ്കിലാണ് ഈ ദുര്‍ഗതി ഉണ്ടായത്.
ഇതിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണബാങ്കിലും ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തായിരിക്കുന്നത് പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്ത് രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളിലും നടന്ന ക്രമക്കേടുകളില്‍ ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും മുന്‍ ഭാരവാഹികളുമാണെന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനനേതൃത്വം ഇടപ്പെട്ട് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹകരണക്കൊള്ള നടന്നിരിക്കുന്നത്.
കോളിത്തട്ട് ബാങ്കില്‍ 25 കോടിയോളം രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്. മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട സംഘമാണ് വെട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് സഹകരണസംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ് പുറത്തുവന്നത്. ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയില്‍നിന്ന് പണയസ്വര്‍ണം മാറ്റി മുക്കുപണ്ടംവെച്ച് 60 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നു
എന്നാണ് ബാങ്ക് സെക്രട്ടറി ഇരിട്ടി പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായിരുന്ന ബാങ്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് ഭരണസ്വാധീനം ഉപയോഗിച്ച് പിടിച്ചെടുത്തത്. സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും സജീവപ്രവര്‍ത്തകനുമായസുധീര്‍ തോമസ് മൂന്നുദിവസമായി ഒളിവിലാണ്.
Content Highlights: A bank employee`s accomplice arrested in a gold-for-dummy-items scam at Aanappanti Bank