ടൂർ പോകാനും ആഡംബരജീവിതത്തിനും മോഷണം; സ്വർണവും പണവും കവർന്ന കേസിൽ കുട്ടികളടക്കം മൂന്നുപേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
ആനക്കല്ല് പൊന്മലയിലെ വീട്ടിൽ മോഷണം നടത്തിയ അജിത്ത് അനിലിനെ തെളിവെടുപ്പിനായി കാഞ്ഞിരപ്പള്ളി പോലീസ് കൊണ്ടുവന്നപ്പോൾ
ആനക്കല്ല് പൊന്മലയിലെ വീട്ടിൽ മോഷണം നടത്തിയ അജിത്ത് അനിലിനെ തെളിവെടുപ്പിനായി കാഞ്ഞിരപ്പള്ളി പോലീസ് കൊണ്ടുവന്നപ്പോൾ

കാഞ്ഞിരപ്പള്ളി: വിനോദയാത്രകൾക്കും ആഡംബര ജീവിതത്തിനും പണം കണ്ടെത്താൻ മോഷണം. ഒടുവിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നുപേർ പോലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപറമ്പിൽ അജിത്ത് അനിൽ (19), 17 വയസ്സുള്ള വിദ്യാർഥികളായ രണ്ടുപേർ എന്നിവരാണ് പിടിയിലായത്.

ആളില്ലാത്ത വീട് കുത്തിത്തുറന്ന് 75,000 രൂപയും മൂന്നുപവനോളം സ്വർണവും കവർന്ന സംഭവത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. പെരുവന്താനം സെയ്ന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ആനക്കല്ല് പൊന്മല കല്ലമ്പള്ളി ഡോ. ആന്റണി ജോസഫിന്റെ വീട്ടിലാണ് 23-ന് രാത്രി മോഷണം നടന്നത്. ഇവർ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം. ഞായറാഴ്ച രാവിലെ പത്രവിതരണത്തിനെത്തിയയാളാണ് ഇത് കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തെ റോഡരികിലെ സി.സി.ടി.വി. ക്യാമറകളും കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉപയോഗിച്ച ഫോൺ നമ്പരുകളും മറ്റ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും ഒരാഴ്ചയായി നിരീക്ഷിച്ചുവരുകയായിരുന്നു പോലീസ്.

മോഷ്ടാക്കൾ ഉപയോഗിച്ച കാറിന്റെ വിവരങ്ങൾ സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പോലീസിന് ലഭിച്ചു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അജിത്ത് അനിൽ പ്രായപൂർത്തിയാകുന്നതിന് മുൻപ് മറ്റൊരു മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. മോഷ്ടിച്ച പണവും സ്വർണാഭരണം പണയം വച്ച് കിട്ടിയ തുകയും ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കറങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ മൂന്നാറടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചതായിട്ടാണ് പോലീസിന് ലഭിക്കുന്ന വിവരം.

മോഷണം നടന്ന വീട്ടിൽ സി.സി.ടി.വി. ക്യാമറകളടക്കമുണ്ടായിരുന്നെങ്കിലും തുണി ഉപയോഗിച്ച് പ്രതികൾ മറച്ചിരുന്നു. പ്രതികൾ സ്ഥലത്ത് നടത്തിയ നിരീക്ഷണത്തിൽ വീട് അടച്ചിട്ടിരിക്കുകയാണെന്ന് കണ്ടെത്തിയതോടെ കാറിലെത്തി പർദ്ദയും മുഖംമൂടിയും ധരിച്ചാണ് വീട്ടിൽ കയറിയത്. വസ്ത്രങ്ങളും സ്‌പ്രേ അടക്കമുള്ള സാധനങ്ങളും ഇവർ മോഷ്ടിച്ചിരുന്നു. സമീപകാലത്ത് നടന്ന പെട്ടിക്കടകളിലെ മോഷണങ്ങളും കിണറുകളിൽനിന്ന് മോട്ടോറുകൾ മോഷ്ടിച്ച സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പിടിയിലായ അജിത്തിനെ കോടതിയിലും പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെയും ഹാജരാക്കി.

ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ ജോൺസന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. സി.കെ. മനോജ്, എസ്.ഐ.മാരായ ഗോകുൽ ഗോപൻ, എസ്.എസ്. ഷിജു, എം.പി. അനിൽകുമാർ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘത്തിലുള്ള എ.എസ്.ഐ. ജോബി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ സമദ്, വിമൽ ബി. നായർ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സിനോ തങ്കപ്പൻ, എസ്.സി.പി.ഒ. വിനീത് ആർ. നായർ, സി.പി.ഒ.മാരായ എം.വി. സുജിത്ത്, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Three suspects arrested for house burglary in Kanjirappally., Stolen items included 75,000 INR and gold ornaments., Theft was motivated by funding luxury trips to destinations like Munnar., Suspects used CCTV footage analysis and phone tracking to be identified., The group is also under investigation for petty thefts and motor thefts in the area.