കലൂരിൽ പെൺകുട്ടിയെ ആക്രമിച്ചസംഭവം; 3 പേർ അറസ്റ്റിൽ, ‘ഒന്നാം പ്രതിയുടെ ബിസിനസ് ഇടപാടുകൾ സംശയകരം’

കൊച്ചി: കലൂരിൽ രണ്ട് പെൺകുട്ടികളോട് മോശമായി പെരുമാറുകയും അതിലൊരു പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയെ പിടികൂടാനുണ്ട്. സംഭവത്തിൽ ആകെ പത്തുപ്രതികളാണുള്ളത്. കലൂർ ജങ്ഷന് സമീപം ചക്കാലപ്പാടം റോഡിലായിരുന്നു സംഭവം. കലൂരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ജോലി നോക്കുന്നവരാണ് ഇവരെന്നാണ് വിവരം.
വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികൾക്കു നേരെയാണ് ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലോടെയാണ് ആക്രമണമുണ്ടായത്. എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഇവരെ കമന്റടിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരാണ് കമന്റ് പറഞ്ഞത്. ഇവർ ലൈംഗികചേഷ്ട കാണിച്ചുവെന്നും പെൺകുട്ടികൾ പറയുന്നു. തുടർന്ന് പെൺകുട്ടികൾ കമന്റടി ചോദ്യം ചെയ്തതോടെ വാക്കേറ്റവും പിന്നാലെ കയ്യേറ്റവുമുണ്ടായി. തുടർന്ന് പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്ന ഫോൺ അക്രമിസംഘം പിടിച്ചുവാങ്ങി നിലത്തെറിയുകയും ഒരുപെൺകുട്ടിയെ റോഡിലിട്ട് ചവിട്ടുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് കൊച്ചി ഡിസിപി പറയുന്നത് ഇങ്ങനെ: റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്കു നേരെയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്ഥലത്തേക്ക് പ്രതികളും ചായ കുടിക്കാൻ എത്തി. തുടർന്ന് പ്രതികളുടെ കൂട്ടത്തിലെ രണ്ട് സ്ത്രീകൾ, ഈ പെൺകുട്ടികളോട് മുൻപേ പോയവർ എന്തോ പറയുന്നെന്ന് പറഞ്ഞ് നോക്കാൻ ആവശ്യപ്പെട്ടു. നോക്കിയ പെൺകുട്ടികളുടെ നേർക്ക് ഒന്നാംപ്രതി അക്ബർ അലി, ഒരു ആംഗ്യം കാണിച്ചു. പെൺകുട്ടികൾ ചോദ്യം ചെയ്തതോടെ തർക്കവും ആക്രമണവുമുണ്ടായി. ഇനി പിടിയിലാകാനുള്ള ഏഴുപേരെയും പിടികൂടും. ഒന്നാം പ്രതിയായ അക്ബർ അലിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ച് വളരെയധികം സംശയങ്ങൾ തോന്നുന്നുണ്ട്. കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർനടപടികളുമായി മുന്നോട്ടുപോകും, ഡിസിപി പറഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടികളും പ്രതികളും തമ്മിൽ യാതൊരു മുൻപരിചയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Three suspects arrested in connection with the Kaloor assault on two students., Police are actively searching for the prime suspect, Akbar Ali., Authorities are investigating suspicious business dealings linked to the primary accused., CCTV footage confirms the incident occurred near Chakkalapadam Road in Kaloor., The victims were students preparing for recruitment exams, with no prior links to the attackers.