വരന്റെ വീട്ടിലെത്തി പലിശക്കാരുടെ ഭീഷണി; വിവാഹം വേണ്ടെന്ന് വീട്ടുകാർ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കല്ലമ്പലം ഞെക്കാട് പലിശക്കാരുടെ ഭീഷണിമൂലം വിവാഹം മുടങ്ങിയതിനേത്തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിന്‍റെ വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വരന്‍റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറിയിരുന്നു. കല്യാണം മുടങ്ങുമെന്ന വിഷമത്തിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മ ചിലരിൽനിന്ന് പണം കടംവാങ്ങിയിരുന്നു. മുതലും പലിശയും ഏറെക്കുറെ അടച്ചുതീർത്തെങ്കിലും പലിശക്കാർ വീണ്ടും ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.

ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. ഇതോടെ ഇവർ കടംവീട്ടാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്നാണ് പലിശക്കാർ ഭീഷണിയുമായി വരന്റെ വീട്ടിലെത്തിയത്. ഇതോടെ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Usurious Threats Lead to Suicide Attempt: A Stark Warning from Kallambalam