കൊച്ചി കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന വയനാട് സ്വദേശിനിയും യുവാവും പിടിയിൽ

കളമശ്ശേരി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം ഒളിവിൽപോയ യുവതിയും യുവാവുമാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനിയായ യുവതിയും സഞ്ജു എന്ന യുവാവുമാണ് പിടിയിലായത്.
സ്പായിൽ ജോലിനൽകാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജിൽവെച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷം ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ ഒക്ടോബർ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു. സഞ്ജു ഇവരുടെ സഹായിയായി പ്രവർത്തിച്ചു എന്നാണ് കണ്ടെത്തൽ. സ്പായുടെ ഉടമയായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ മൂന്നിന് വൈകീട്ട് ലോഡ്ജിൽനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അതിജീവിതയ്ക്ക് എല്ലാ സഹായവും നൽകും - മന്ത്രി
ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. അതിജീവിതയുടെ ഭർത്താവുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സയും നിയമസഹായവും ഉൾപ്പെടെയുള്ള എല്ലാ സർക്കാർസഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Two more individuals, including a woman and a youth named Sanju, taken into custody by Kalamassery police., Victim lured under the guise of a spa job interview, drugged, and assaulted at an Edappally lodge on October 2., Husband filed a police complaint after the victim escaped and returned home on October 3., Minister V.E. Abdul Gafoor assured complete government support, medical care, and legal aid for the survivor.