‘എനിക്കങ്ങനെ ചെയ്യാൻ പറ്റുമോ?’; 9 വർഷം കാത്തിരുന്നുണ്ടായ മകൻ; അമ്മയും മകനുംതമ്മിൽ വഴക്ക് പതിവ്

കടപ്ര: “ അമ്മെ അടക്കാനുള്ള ശവപ്പെട്ടി കുമ്പനാട്ടെ കടയിൽനിന്ന് തന്നെ വാങ്ങണേ..” കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസ് കൊല്ലപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ മകൻ ടിജോ തോമസിനെ കാണാൻ ഭാര്യ ബിൻസി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പറഞ്ഞ വാക്കുകളാണിത്. “നിങ്ങൾ ഇപ്പോൾ ഒരു കൊലപാതകി ആണെന്ന് അറിയാമോ..?” എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ? എന്ന് മറുചോദ്യമാണ് ചോദിച്ചത്.
പൊന്നമ്മയെ വെള്ളിയാഴ്ച സെമിത്തേരിയിലേക്ക് എടുത്തപ്പോൾ കാണാൻ ആ മകൻ എത്തിയില്ല. പെൺസുഹൃത്ത് തിരുവനന്തപുരം സ്വദേശിനി റിൻസിമോളോടൊപ്പം താമസിച്ചിട്ടും അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടും ഭർത്താവിനെ തള്ളിപ്പറയാതെ ഭാര്യ ബിൻസി. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയുള്ള ക്രൂരതചെയ്യാൻ ടിജോയെക്കൊണ്ട് കഴിയുകയില്ലെന്നാണ് ബിൻസി വിശ്വസിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് തോമസ്, പൊന്നമ്മ ദമ്പതിമാർക്ക് പുത്രൻ പിറന്നത്. അതുകൊണ്ടുതന്നെ അമിത സ്നേഹം നൽകിയാണ് ടിജോയെ അവർ വളർത്തിയത്. 15 വർഷം മുമ്പ് തോമസ് മരിച്ചു.
എട്ടുവർഷം മുമ്പായിരുന്നു ടിജോയുടെയും ബിൻസിയുടെയും വിവാഹം. ഇവരുടെ കാര്യത്തിലും വിധി എതിരായി. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഇരുവർക്കും ഉണ്ടായില്ല. ഇതിനെച്ചൊല്ലി പൊന്നമ്മ മകനോടും മരുമകളോടും കലഹിക്കുന്നത് പതിവായിരുന്നു.
വഴക്ക് തീരുന്നത് കൈയ്യാങ്കളിയിൽ
ഒരുതവണ വഴക്കുണ്ടായപ്പോൾ പൊന്നമ്മ വെട്ടുകത്തിയുമായി ബിൻസിയുടെ നേരേ പാഞ്ഞടുക്കുന്നതും ടിജോ അവരെ തടയുന്നതും തുടർന്ന് ചൂടുവെള്ളം ഒഴിക്കുന്നതും ബിൻസി മൊബൈലിൽ പകർത്തിയിട്ടുണ്ട്.
പുറത്തുപോയി വരുമ്പോഴും തള്ളയ്ക്ക് ചോറുകൊടുത്തോ എന്നാണ് ആദ്യം ചോദിക്കുന്നത്. മിക്ക രാത്രിയും അമ്മയും മകനും കൂടി ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി ബഹളം വയ്ക്കാറുണ്ടായിരുന്നു.
സീരിയൽ നടിയുടെ സഹായിയായി തിരുവനന്തപുരം ട്രിപ്പ് തുടങ്ങിയതിൽ പിന്നെയാണ് റിൻസിയുമായി ടിജോ അടുക്കുന്നത്. സിനിമ സീരിയൽ മേഖലയിൽ എക്സ്ട്രാ നടിയായി ഇവർ ജോലിചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടാമതൊരാളുടെ കൂടെയായിരുന്നു റിൻസി.
അയാൾക്ക് കാൻസർ പിടിപെട്ടതിനെ തുടന്ന് അയാളെയും ഉപേക്ഷിച്ചു. പിന്നീടാണ് ടിജോയുമായി ബന്ധം സ്ഥാപിക്കുന്നത്. മേയ് മാസത്തിൽ ടിജോയും ബിൻസിയും മൂന്നാർ സന്ദർശിച്ചിരുന്നു. മദ്യപിക്കുമായിരുന്നെങ്കിലും അന്നൊന്നും കൂടുതൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു.
ബിൻസി പുണെയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയതിൽ പിന്നെയാണ് അമ്മയെ നോക്കാനുള്ള ഹോംനഴ്സ് ആണെന്നും പറഞ്ഞു റിൻസിയെ കൊണ്ടുവന്നത്. പുണെയിൽനിന്ന് ഭർത്താവിനെ ഫോണിൽ തുടർച്ചയായി വിളിച്ചാൽമാത്രമേ എടുക്കാറുള്ളായിരുന്നു. അതും ഏതാനും സെക്കൻഡുകൾമാത്രം. റിൻസിയും മദ്യപാനിയായിരുന്നു.
ടിജോ വീട്ടിൽ ഇല്ലാത്ത നേരത്ത് പരിചയമില്ലാത്ത ആളുകൾ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു ടിജോ എന്ന് ബിൻസി പറയുന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത്. കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സ തുടങ്ങാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവം ഉണ്ടാകുന്നത്. ബിൻസിയുടെ പിതാവിന്റെ കാലൊടിഞ്ഞു ചികിത്സയിലായിരുന്നപ്പോൾ കടപ്രയിലെ വീട്ടിൽ കൊണ്ടുവന്ന് ശുശ്രൂഷിക്കാനും ടിജോയാണ് മുൻകൈയെടുത്ത്.
സ്വകാര്യ ആശുപത്രിയും സംശയനിഴലിൽ
സംഭവദിവസം രാവിലെ തന്നെ ടിജോയുടെ ബന്ധുക്കൾ വീട്ടിലെത്തിയിരുന്നു. അവർ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീടാണ് കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നത്.
ആശുപത്രിയിൽ പഞ്ചായത്ത് മെമ്പറുടെ കത്ത് നൽകിയിട്ടുണ്ട്. സാധാരണ എന്തെങ്കിലും അസ്വഭാവികത തോന്നിയാൽ പോലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ആശുപത്രിക്കാണ്. ഇവിടെ അത് ഉണ്ടായില്ല.
പോലീസ് അന്വേഷിക്കാൻ ചെന്നപ്പോഴും സഹകരണ മനോഭാവമല്ല ഉണ്ടായത്. ആരുടെയെങ്കിലും ശുപാർശയിലാണോ മൃതദേഹം മോർച്ചറിയിൽ വയ്ക്കാൻ ആശുപത്രി അധികൃതർ തയ്യാറായതെന്ന് വരും ദിവസങ്ങളിൽ പോലീസ് പരിശോധിക്കും.
Content Highlights: Tijo Thomas arrested for the murder of his mother, Ponnamma Thomas, in Kadapra. Wife Bincy stands by Tijo despite the grave accusations and his relationship with Rinsimol. Family disputes over children and domestic friction preceded the tragic incident. Local private hospital comes under police scanner for handling the body without proper reporting.