പാക് ചാരൻമാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടു, തെളിവുകൾ ശക്തം; 2500 പേജുള്ള കുറ്റപത്രം

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് ഹിസാര്‍ പോലീസ്. ഐഎസ്‌ഐ ഏജന്റുമാരുമായി ജ്യോതി സ്ഥിരമായി ബന്ധപ്പെട്ടിരുന്നത് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും നാളുകളായി ഇവര്‍ ചാരവൃത്തി തുടരുകയായിരുന്നുവെന്നും ഹിസാര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച 2500 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു.
വളരെക്കാലമായി പാക് ഏജന്റുമാര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുകയും അവരുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഒരു സാധാരണ യൂട്യൂബറെപ്പോലെ വ്‌ളോ ഗുകള്‍ ചെയ്താണ് അവര്‍ ശ്രദ്ധനേടുന്നത്. എന്നാല്‍ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഇന്റലിജന്‍സ് കൈകാര്യം ചെയ്യുന്നവരുമായി അവര്‍ ബന്ധപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന എഹ്‌സാന്‍ റഹീം എന്ന ഡാനിഷ് അലിയുമായി ജ്യോതി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെടുത്തു. ഷാക്കിര്‍, ഹസന്‍ അലി, നാസിര്‍ ദില്ലണ്‍ എന്നീ ഐഎസ്ഐ ചാരന്‍മാരുമായുള്ള അവരുടെ ബന്ധവും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഹരിയാണ സ്വദേശിയായ ജ്യോതി മല്‍ഹോത്ര മെയ് 16 നാണ് അറസ്റ്റിലാകുന്നത്. യൂട്യൂബില്‍ 3.70 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്സുമുണ്ടായിരുന്ന ട്രാവല്‍ വ്ളോഗറാണിവര്‍. 2023-ല്‍ യുവതി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് ഡാനിഷുമായി പരിചയത്തിലായത്. ഇയാള്‍ പിന്നീട് ജ്യോതിയെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ട പലര്‍ക്കും ഇയാള്‍ പരിചയപ്പെടുത്തിനല്‍കി. ഹഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് ശേഷമാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യ ഡാനിഷിനെ പുറത്താക്കിയത്. ഇതെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ജ്യോതിയടക്കം ആറ് പേര്‍ പിടിയിലാകുന്നത്.
ഡാനിഷുമായും ഇയാള്‍ മുഖനേ പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിര്‍ എന്ന റാണ ഷഹബാസുമായും വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ജ്യോതി ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. മാത്രമല്ല, സാമൂഹികമാധ്യമങ്ങളില്‍ പാകിസ്താന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ദൗത്യവും യുവതി ഏറ്റെടുത്തു. ഇതിനിടെ, പാക് ചാരസംഘടനയില്‍പ്പെട്ട ഒരാള്‍ക്കൊപ്പം യുവതി ബാലിയിലേക്ക് യാത്ര നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Found Concrete Evidence That YouTuber Jyoti Malhotra Spied For Pakistan