ചെരിപ്പിൽനിന്ന് മണംപിടിച്ച്, 5 KM ഓടി ജെസിയെത്തി, കൊലപാതകിയുടെ മുന്നിൽ; വേഷംമാറി നടന്നവനും കുടുങ്ങി

Screengrab Courtesy: x.com/MumbaiPolice
Screengrab Courtesy: x.com/MumbaiPolice

മുംബൈ: മുംബൈ പോലീസിന്റെ ഡോഗ് സ്‌ക്വാഡിലെ അഭിമാനതാരമാണ് 'ജെസി'. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജെസി പ്രധാന പങ്കുവഹിക്കുകയുംചെയ്തിട്ടുണ്ട്. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ജെസിയുടെ ആ മികവുകളെല്ലാം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുംബൈ പോലീസ്. ജെസിയുടെ ഹാന്‍ഡലറായ വനിതാ കോണ്‍സ്റ്റബിള്‍ സുരേഖ ഭാനുദാസ് ആണ് ജെസി തെളിയിച്ച കേസുകളെക്കുറിച്ച് വീഡിയോയില്‍ വിവരിക്കുന്നത്. 

എംഎച്ച്ബി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലപാതക-കവര്‍ച്ചാക്കേസില്‍ അന്വേഷണസംഘത്തിന് പ്രതിയെ കാണിച്ചുനല്‍കിയ പോലീസ് നായയാണ് ജെസി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ഒരൊറ്റ ചെരിപ്പില്‍നിന്ന് മണംപിടിച്ചാണ് ജെസി പ്രതിയുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ജെസി ആളെ കാണിച്ചുനല്‍കിയതോടെ പിന്നെ അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട കാര്യമേ പോലീസിനും ഉണ്ടായിരുന്നുള്ളൂ. 

ചെരിപ്പില്‍നിന്ന് മണംപിടിച്ച ജെസി തിരക്കേറിയ റോഡിലൂടെയും ഇടവഴികളിലൂടെയും അഞ്ചുകിലോമീറ്ററോളം ഓടിയെത്തിയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ വീടിന് മുന്നിലെത്തി ജെസി കുരച്ചതോടെ പോലീസ് സംഘം വീട് തുറന്ന് പരിശോധിക്കുകയും അകത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. 

മാല്‍വാനി സ്റ്റേഷന്‍ പരിധിയില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തുന്നതിലും ജെസി നല്‍കിയ സൂചനയാണ് നിര്‍ണായകമായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ടാക്‌സി വിളിച്ചസ്ഥലത്തേക്കാണ് ജെസി അന്ന് അന്വേഷണസംഘത്തെ നയിച്ചത്. തുടര്‍ന്ന് ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ കണ്ടെത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. ഇതിനുപുറമേ വേഷംമാറി നടന്ന പ്രതിയെ പിടികൂടുന്നതിലും ജെസി മികവ് തെളിയിച്ചിട്ടുണ്ട്. സാരി ധരിച്ച് വേഷംമാറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെയാണ് ജെസി അന്വേഷണസംഘത്തിന് കാണിച്ചുനല്‍കിയത്. 

Content Highlights: Meet Jesse, a German Shepherd who`s cracked multiple cases in Mumbai