200 കോടിയുടെ തട്ടിപ്പ് കേസ്: മാപ്പുസാക്ഷിയാകാനുള്ള നടിയുടെ അപേക്ഷ തള്ളി ഇഡി

#News Desk
ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | File Photo - AFP
ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | File Photo - AFP

ന്യൂഡൽഹി: ഇരുന്നൂറുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ മാപ്പുസാക്ഷിയാകാനുള്ള നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) തള്ളി. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി അപേക്ഷ നൽകിയിരുന്നത്. എന്നാൽ, ഇഡി ഇതിനെ കോടതിയിൽ എതിർത്തു. നടിക്കെതിരേ കേസിൽ തെളിവുകളുണ്ടെന്നും മാത്രമല്ല, അന്വേഷണകാലയളവിൽ നടി അന്വേഷണവുമായോ ചോദ്യംചെയ്യലുമായോ സഹകരിച്ചിരുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇഡിയുടെ നിലപാടിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നടിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

200 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർചെയ്ത കേസിലാണ് നടി ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതിചേർത്തിരുന്നത്. എന്നാൽ, താൻ നിരപരാധിയാണെന്നും വഞ്ചിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി മാപ്പുസാക്ഷിയാകാൻ അപേക്ഷ നൽകിയത്. തനിക്ക് സുകേഷിൽനിന്ന് ലഭിച്ച സമ്മാനങ്ങൾ ക്രിമിനൽ പ്രവൃത്തികളിലൂടെ നേടിയ സമ്പാദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു.

അതേസമയം, കള്ളപ്പണം വെളുപ്പിക്കലിൽ നടിക്കും പങ്കുണ്ടെന്നായിരുന്നു ഇഡി കോടതിയിൽ പറഞ്ഞത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ പ്രധാന ഗുണഭോക്താവായിരുന്നു നടിയെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ കേസിൽ നടിയെ മാപ്പുസാക്ഷിയാക്കിയാൽ അത് നീതിന്യായ സംവിധാനത്തിന്റെ അപചയമാകുമെന്നും നടി ചെയ്ത കുറ്റകൃത്യത്തെ ദുർബലപ്പെടുത്തുന്നതാകുമെന്നും ഇഡി വാദിച്ചു.

സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് നടിക്ക് കൃത്യമായ അറിവുണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് സുകേഷിൽനിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിച്ചത്. സുകേഷുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നയാളാണ് നടി. ഈ സംഭാഷണത്തിൽനിന്ന് എല്ലാകാര്യങ്ങളും അവർക്ക് അറിയാമായിരുന്നു എന്നത് വ്യക്തമാണ്. മാത്രമല്ല, അന്വേഷണത്തോട്‌ നടി സഹകരിച്ചില്ല. സത്യസന്ധമായ മൊഴി നൽകാൻ പലപ്പോഴും വിസമ്മതിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു.

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ നേരത്തേ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസിൽ പിടിയിലായിരുന്നു. ഇതിനിടെയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് ഉൾപ്പെടെയുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. സുകേഷിൽനിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് നടി സ്വീകരിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇഡി കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതി ചേർക്കുകയായിരുന്നു.

Content Highlights: ED rejected the actor's plea to become an approver in the Rs 200 crore money laundering case., The agency cited lack of cooperation during investigation as a primary reason., ED argues the actor was a major beneficiary of proceeds of crime., Court has directed the actor's counsel to file a response by Tuesday 4 PM.