സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പുപയോഗിച്ച് വിളിച്ചുവരുത്തും, പണവും സ്വർണവും തട്ടും; ആറംഗസംഘം പിടിയിൽ

#ന്യൂസ് ഡെസ്ക്
Photo: @newz_daily85325
Photo: @newz_daily85325

ഹൈദരാബാദ്: സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, വിളിച്ചുവരുത്തി പണവും സ്വർണവും തട്ടുന്ന ആറംഗസംഘം പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. കുസുമ കാർത്തിക്, രാം രാജ, ബാബ്ലു സിങ്, കണ്ഡുല സായ് തേജ, ഗണ്ഡ്ല ശ്രാവൺ, മക്കർല പവൻ കല്യാൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കുവേണ്ടി അന്വഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

സ്വർവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പിനായി ആളുകളെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ആളുകളെ രഹസ്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു രീതി. നാണക്കേട് കാരണം ആരും വിവരം പുറത്തുപറയാതിരുന്നത് തട്ടിപ്പുകാർക്ക് സഹായമായി.

ഏപ്രിൽ ആറിന് തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്നാണ് ആറുപേരെ അറസ്റ്റ് ചെയ്തത്. പ്രതികൾ എല്ലാവരും വാറങ്ങലിൽനിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. ഇവരുടെ പക്കൽനിന്ന് ആറ് മൊബൈൽ ഫോണുകളും ഒരു കാറും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർ ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.

ഏപ്രിൽ ആറിന് റോഡരികിൽ നിൽക്കെയാണ് യുവാവിനെ പ്രതികളിൽ ഒരാൾ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. വഴി ചോദിച്ചുകൊണ്ടായിരുന്നു ഇവർ തന്റെ അരികിലെത്തിയതെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. തുടർന്ന് ബലംപ്രയോഗിച്ച് പ്രതികൾ ഇയാളെ കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. 15 ഗ്രാമോളം വിലവരുന്ന സ്വർണമാല ഇവർ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. നാല് ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗേ ഡേറ്റിങ് ആപ്പ് വഴിയായിരുന്നു ഇവർ ഇരകളെ വലയിലാക്കിയിരുന്നത്. പരിചയപ്പെടുന്നയാളെ ആദ്യം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. അവിടെനിന്ന് ഇരകളെ പ്രതികളുടെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയശേഷം സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കും. തുടർന്ന് വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

യുവാക്കൾ ഇത്തരത്തിലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ജാഗരൂകരായിരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളടക്കമുള്ളവയിലുള്ളവരെ കണ്ണടച്ച് വിശ്വസിക്കരുതെന്നും വ്യക്തിവിവരങ്ങളും മറ്റും പങ്കുവെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Content Highlights: Six suspects arrested in Hyderabad for organized extortion via dating apps., Modus operandi involved honey-trapping, filming private moments, and blackmail., Police recovered mobile phones, a car, and a scooter used in the crimes., Authorities issued a 2026 advisory on digital safety and dating app risks.