പ്രജ്ജ്വല്‍ രേവണ്ണ തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ തൂക്കിക്കൊല്ലട്ടെ- എച്ച്.ഡി.രേവണ്ണ

പ്രജ്വല്‍ രേവണ്ണ | Photo: X / @srivatsayb , എച്ച്.ഡി. രേവണ്ണ | Photo : Mathrubhumi
പ്രജ്വല്‍ രേവണ്ണ | Photo: X / @srivatsayb , എച്ച്.ഡി. രേവണ്ണ | Photo : Mathrubhumi

ബെംഗളൂരു: മുന്‍ ഹാസന്‍ എം.പി.യും തന്റെ മകനുമായ പ്രജ്ജ്വല്‍ രേവണ്ണ തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ തൂക്കിക്കൊല്ലട്ടെയെന്ന് ജെ.ഡി.എസ്. എം.എല്‍.എ. എച്ച്.ഡി. രേവണ്ണ. വേണ്ടെന്നു താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രജ്ജ്വല്‍ രേവണ്ണയും മറ്റൊരു മകന്‍ സൂരജ് രേവണ്ണയും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിനെത്തിയതായിരുന്നു രേവണ്ണ.

അതേസമയം, തനിക്കെതിരായ കേസ് കൈകാര്യം ചെയ്ത ഡി.ജി.പി. അലോക് മോഹനെ അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് മേധാവിയാകാന്‍ യോഗ്യതയില്ലാത്തയാളാണ് അലോക് മോഹന്‍ എന്ന് രേവണ്ണ പറഞ്ഞു. പ്രജ്ജ്വല്‍ രേവണ്ണയുടെപേരിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും വാല്മീകി കോര്‍പ്പറേഷന്‍ ഫണ്ട് തിരിമറിക്കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യംചെയ്ത് പ്രതിപക്ഷ നേതാവ് ആര്‍. അശോക സംസാരിച്ചതിനുതുടര്‍ച്ചയായാണ് രേവണ്ണ എഴുന്നേറ്റത്.

ചില സ്ത്രീകളോട് തന്റെമുന്‍പില്‍വെച്ച് തനിക്കെതിരേ പരാതി എഴുതിനല്‍കാന്‍ അലോക് മോഹന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.

പ്രജ്ജ്വല്‍ കേസില്‍ അന്വേഷണം വേഗത്തില്‍ നീങ്ങിയപ്പോള്‍ വാല്മീകി കോര്‍പ്പറേഷന്‍ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് അശോക ആരോപിച്ചു.

Content Highlights: hd revanna says hang prajwal if he has committed offence