ഭാര്യയെ തലയറത്തുകൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഗുവാഹാട്ടി: അസമിൽ ഭാര്യയെ തലയറത്ത് കോന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തിൽനിന്ന് ചാടി കൊക്കയിലേക്ക് വീണു മരിച്ചു. ഗുവാഹാട്ടി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിയിൽനിന്ന് മടങ്ങവേ പോലീസുകാരെ അക്രമിച്ച് വണ്ടിയിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പോലീസ് സ്‌റ്റേഷനിലേക്ക് തിരികെക്കൊണ്ടുവരുന്നതിനിടെ ഗോസ്വാമി പെട്ടെന്ന് അക്രമാസക്തനാവുകയും വാഹനത്തിൽനിന്ന് ചാടി നരകാസുര പർവതപ്രദേശത്തിനു സമീപമുള്ള കൊക്കയിലേക്ക് വീഴുകയുമായിരുന്നെന്ന് ഹട്ടിഗാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമായി ഡോക്ടർമാർ അറിയിക്കുന്നത്.
എന്നാൽ, സംഭവം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നാണ് ഗോസ്വാമിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ അവർ തയ്യാറായിട്ടില്ല. കുടുംബം ഗോസ്വാമിയുടെ ഭാര്യ റിയ താലുദാറിന്റെ മരണാനന്തരച്ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോഴാണ് ഈ മരണവാർത്ത എത്തിയത്. ഇതോടെ റിയയുടെ ചടങ്ങുകൾ നിർത്തിവെച്ചു.
ഭാര്യക്ക് അവിഹിതമുണ്ടെന്നാരോപിച്ച് സെപ്റ്റംബർ മൂന്നിന് ഗുവാഹാട്ടിയിലെ ഒരു ഫ്‌ളാറ്റിൽവെച്ചാണ് ഗോസ്വാമി 25-കാരിയായ റിയയെ തലയറത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു. ദുർഗന്ധം സഹിക്കവയ്യാതായതോടെ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ കറുത്ത പോളിത്തീൻ ബാഗിനുള്ളിൽ അറുത്തെടുത്ത തലയും വിരലുകളും കണ്ടെടുത്തു. പിന്നാലെ ഒളിവിൽ പോയ ഗോസ്വാമി ഈമാസം ആറിനാണ് പോലീസിൽ കീഴടങ്ങിയത്. തുടർന്ന് ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഭാര്യയെ കൊന്നതിൽ കുറ്റബോധമില്ലെന്ന് ഇയാൾ പോലീസുകാരോട് പറഞ്ഞിരുന്നു. അതിനാൽ മാപ്പുചോദിക്കുന്നുമില്ല. അവളെ മൂർച്ചയുള്ള ഒരായുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ആ സമയം മദ്യലഹരിയിലായിരുന്നു. എപ്പോഴെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ഇതിന് കാരണക്കാരനായ ആളേയും കൊല്ലുമെന്നും ഗോസ്വാമി പറഞ്ഞിരുന്നു.
Content Highlights: A 30-year-old man accused of beheading his wife died after allegedly jumping from a moving police vehicle into a gorge., The incident occurred in the early hours of Monday while he was being escorted back from a hospital., The family has alleged an 'encounter' killing and refused to accept the body.