യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ, മൃതദേഹം കണ്ടത് ബാത്ത്റൂമിൽ

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സോഹ്നയിലുള്ള ദൗല ഗ്രാമത്തിൽ യുവതിയെ സ്വന്തം വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 34-കാരിയായ നീതു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മക്കളോടൊപ്പം വീട്ടിലെത്തിയ ഭർത്താവ് പ്രശാന്ത് ആണ് വീട്ടിലെ ബാത്ത്റൂമിൽ യുവതിയുടെ മൃതദേഹം കണ്ടത്. യുവതിയുടെ കൈകൾ കൂട്ടിക്കെട്ടി, വായയിലും മുഖത്തും ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു.
സ്വകാര്യ സ്കൂൾ അധ്യാപകനായ പ്രശാന്ത് വെള്ളിയാഴ്ച രാവിലെ രണ്ട് മക്കളുമായി സ്കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടുസാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബാത്ത്റൂമിൽ നീതുവിനെ കണ്ടത്. ഉടൻ തന്നെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എസിപി മുകേഷ് യാദവിന്റെയും സോഹ്ന സദർ എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: 34-year-old Neetu found murdered in her Gurugram home in Daula village., Body discovered in the bathroom by her husband with hands tied and face taped., House was ransacked, raising suspicions of a botched robbery., Police and forensic teams have launched an investigation utilizing CCTV footage.