ഗൊരഖ്‌പുരിൽ സഹോദരനെയും കുടുംബത്തെയും 16-കാരൻ വെട്ടിക്കൊന്നു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Canva
പ്രതീകാത്മകചിത്രം | Photo: Canva

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പുർ ജില്ലയിൽ ജ്യേഷ്ഠനെയും ഭാര്യയെയും അവരുടെ മൂന്ന് വയസ്സുള്ള മകനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരെയാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൗമാരക്കാരൻ ആക്രമിച്ചത്. കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിയുടെ പിതാവ് അലർച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമിത്തിനെയും ഭാര്യയെയും മകനെയും കണ്ടത്. തന്റെ ഇളയ മകൻ കൈയിൽ ആയുധവുമായി മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതായും പിതാവ് പറഞ്ഞു. അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകളിലത്തെ നിലയിൽ നിന്നുമാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് രക്തം പുരണ്ട ആയുധവും കണ്ടെടുത്തു.

പ്രതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും കുറ്റകൃത്യം നടന്ന സ്ഥലം വിശദമായി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കുടുംബാംഗങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Content Highlights: A 16-year-old boy has been detained in Gorakhpur for the murder of his brother, sister-in-law, and nephew.