ബ്ലൗസിനുള്ളിലും ഡ്രൈഫ്രൂട്‌സിനിടയിലും സ്വർണം; വിദേശവനിത ക്യാപ്‌സൂൾ ഒളിപ്പിച്ചത് മലദ്വാരത്തിൽ

Screengrab: Mathrubhumi News
Screengrab: Mathrubhumi News

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശവനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍നിന്നായി 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളിലും ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിനിടയിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോയിലേറെ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മലേഷ്യന്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്കെതിരേയും ഒരു യുവാവിനെതിരെയും കേസെടുത്തു.  

വെള്ളിയാഴ്ച രാത്രി ക്വലാലംപുരില്‍നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ രണ്ട് സ്ത്രീകളില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. വിമാനത്തില്‍നിന്നിറങ്ങിയ മലേഷ്യന്‍ യുവതിയെയും സ്വദേശിയായ മറ്റൊരു സ്ത്രീയെയും സംശയത്തെത്തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് മലേഷ്യന്‍ യുവതിയെ വിശദമായി പരിശോധിച്ചപ്പോള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തി. 579 ഗ്രാം സ്വര്‍ണമാണ് നാല് ക്യാപ്‌സ്യൂളുകളാക്കി യുവതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇതിന് വിപണിയില്‍ 34.4 ലക്ഷം രൂപ വിലവരും. 

ബ്ലൗസിനുള്ളില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിനാണ് സ്വദേശിയായ യുവതിയെ കസ്റ്റംസ് പിടികൂടിയത്. ദേഹപരിശോധനയ്ക്കിടെ യുവതി ധരിച്ചിരുന്ന സില്‍ക്ക് ബ്ലൗസില്‍ അസ്വാഭാവികത തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. ബ്ലൗസിന്റെ അസാധാരണമായ ഭാരമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ബ്ലൗസ് മുറിച്ച് പരിശോധിച്ചതോടെയാണ് അകത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. 301 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ ബ്ലൗസിനുള്ളിലുണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കുവൈത്തില്‍നിന്നെത്തിയ യാത്രക്കാരനാണ് ഡ്രൈ ഫ്രൂട്‌സിനിടയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. അണ്ടിപരിപ്പ്, ബദാം തുടങ്ങിയവ കൊണ്ടുവന്ന പാക്കറ്റിലാണ് സ്വര്‍ണത്തിന്റെ കഷണങ്ങളും ഉണ്ടായിരുന്നത്. സ്വര്‍ണം ഇവയുടെ കൂടെ ചേര്‍ത്തതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. സ്വര്‍ണത്തിന്റെ 40 കഷണങ്ങളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തതെന്നും ഇതിന് 15 ലക്ഷം രൂപവിലവരുമെന്നും കസ്റ്റംസ് അറിയിച്ചു. നികുതി വെട്ടിച്ച് കൊണ്ടുവന്ന ഐഫോണ്‍ 14 പ്രോ മാക്‌സ് മൊബൈല്‍ഫോണും ഇതേ യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: gold smuggling gold seized in bengaluru airport gold hides in blouse and dryfruits packet