‘അവരെല്ലാം സമ്മതിച്ചു’; മൂന്നുഭാര്യമാരും 5 മക്കളും ഉറക്കം ഒരുമുറിയിൽ; പിതാവ് വിറ്റ ഫോൺ കണ്ടെടുത്തു

ന്യൂഡൽഹി: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികളുടെ ആത്മഹത്യയിൽ നിർണായക തെളിവാകുമെന്ന് കരുതുന്ന മൊബൈൽഫോൺ പോലീസ് വീണ്ടെടുത്തു. പെൺകുട്ടികൾ ജീവനൊടുക്കുന്നതിന് 15 ദിവസം മുൻപ് പിതാവ് ചേതൻകുമാർ വിറ്റ മൊബൈൽഫോൺ ആണ് ഷാലിമാർ ഗാർഡനിലെ ഇലക്ട്രോണിക് ഷോപ്പിൽനിന്ന് പോലീസ് കണ്ടെടുത്തത്. ഫോണിലെ ബ്രൗസിങ് ഹിസ്റ്ററി ഉൾപ്പെടെയുള്ള എല്ലാവിവരങ്ങളും നീക്കംചെയ്ത നിലയിലാണെന്നും ഇത് വീണ്ടെടുക്കാനായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു.
മൂത്തമകൾക്കും രണ്ടാമത്തെ മകൾക്കുമായി ആറുമാസം മുൻപാണ് ചേതൻകുമാർ രണ്ട് മൊബൈൽഫോണുകൾ വാങ്ങിയത്. പെൺകുട്ടികൾ യൂട്യൂബ് ചാനലുകൾ ആരംഭിച്ചതോടെയാണ് ഇവർക്ക് ഫോൺ നൽകിയതെന്നാണ് ചേതൻകുമാറിന്റെ മൊഴി. യൂട്യൂബ് ചാനൽ വഴി മക്കൾ സമ്പാദ്യം കണ്ടെത്തുമെന്നും പ്രശസ്തി കൈവരിക്കുമെന്നും പിതാവ് കരുതി. എന്നാൽ, സാമ്പത്തികപ്രയാസം കാരണം ഒരു ഫോൺ മൂന്നുമാസം മുൻപ് വിറ്റു. ഇതിനുപിന്നാലെയാണ് കുട്ടികൾ മരിക്കുന്നതിന് 15 ദിവസം മുൻപ് രണ്ടാമത്തെ ഫോണും വിറ്റത്.
അതേസമയം, കോവിഡ് ലോക്ഡൗണിന് ശേഷം പെൺകുട്ടികൾക്ക് പുറംലോകവുമായി കാര്യമായ ബന്ധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷം കുട്ടികൾ സ്‌കൂളിൽ പോയിരുന്നില്ല. തുടർന്നാണ് കൊറിയൻ വിനോദപരിപാടികളെ ആസ്പദമാക്കി കുട്ടികൾ യൂട്യൂബ് ചാനൽ ആരംഭിച്ചത്. രണ്ടായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഈ ചാനലിനുണ്ടായിരുന്നു. എന്നാൽ, മരിക്കുന്നതിന് പത്തുദിവസം മുൻപ് കുട്ടികൾ ഈ ചാനൽ നീക്കംചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
ഫെബ്രുവരി നാലിനാണ് ചേതൻകുമാറിന്റെ മക്കളായ നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവർ ഒൻപതാംനിലയിലെ ഫ്ളാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയത്. കൊറിയൻ ഓൺലൈൻ ഗെയിമുകളോടും കൊറിയൻ വിനോദപരിപാടികളോടും കുട്ടികൾക്ക് അമിതമായ ആസക്തിയുണ്ടായിരുന്നതായാണ് ചേതൻകുമാർ പോലീസിനോട് പറഞ്ഞത്. ഇവരുടെ മൊബൈൽഫോൺ ഉപയോഗം പിതാവ് വിലക്കിയതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കുട്ടികൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലും കൊറിയൻ ഉള്ളടക്കങ്ങളെക്കുറിച്ചും കൊറിയയോടുള്ള ഇഷ്ടത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.
അതിനിടെ, കുട്ടികളുടെ പിതാവ് ചേതൻകുമാർ മൂന്ന് യുവതികളെ വിവാഹം കഴിച്ചത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ തുടരുന്നുണ്ട്. ഇയാൾ അടിക്കടി മൊഴി മാറ്റിപ്പറയുകയാണെന്നും പോലീസ് പറഞ്ഞു.
കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വേറെയാണെന്നും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. സഹോദരിമാരായ രണ്ടുപേരെയും മറ്റൊരു യുവതിയെയുമാണ് ചേതൻ കുമാർ വിവാഹം കഴിച്ച് ഒപ്പം താമസിപ്പിച്ചിരുന്നത്. സുജാത, ഹീന, ടിന എന്നിവരാണ് ചേതൻകുമാറിന്റെ ഭാര്യമാർ. ഇതിൽ സുജാതയും ഹീനയും സഹോദരിമാരാണ്. സുജാതയിലുണ്ടായ മകളാണ് നിഷിക. പ്രാച്ചിയും പാഖിയും ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തിൽ ചേതൻകുമാറിന് മൂന്നുവയസ്സുള്ള ഒരു മകളുണ്ട്.
2010-ലായിരുന്നു സുജാതയെ വിവാഹം കഴിച്ചതെന്നാണ് ചേതൻകുമാറിന്റെ മൊഴി. സുജാതയ്ക്ക് ഗർഭം ധരിക്കാൻ കഴിയാതിരുന്നതിനാലാണ് സഹോദരിയായ ഹിനയെ 2013-ൽ വിവാഹം കഴിച്ചതെന്നും ഇയാൾ പറയുന്നു. എന്നാൽ, സുജാതയുമായുള്ള ബന്ധത്തിൽ നിഷികയ്ക്ക് പുറമേ മാനസികവെല്ലുവിളി നേരിടുന്ന ഒരാൺകുട്ടിയും ചേതൻകുമാറിനുണ്ട്. മാത്രമല്ല, നിഷികയുടെ പ്രായവും ചേതൻകുമാർ രണ്ടാംവിവാഹത്തെക്കുറിച്ച് നൽകിയ മൊഴിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും പോലീസ് പറയുന്നു.
2023-ലാണ് ഹിനയെ ചേതൻകുമാർ വിവാഹംചെയ്തത്. മുസ്ലീം മതവിശ്വാസിയായിരുന്ന ഹിനയെ മതപരിവർത്തനം നടത്തിയശേഷമാണ് വിവാഹംകഴിച്ചത്. എന്നാൽ, മുൻഭാര്യമാരിൽനിന്ന് വിവാഹമോചനം നേടാതെ എങ്ങനെയാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് ചോദിച്ചപ്പോൾ, അവർക്കെല്ലാം സമ്മതമായിരുന്നുവെന്നും ആർക്കും പരാതി ഇല്ലെന്നുമായിരുന്നു ചേതൻകുമാറിന്റെ മൊഴി.
ചേതൻകുമാറിന്റെയും കുടുംബത്തിന്റെയും ജീവിതരീതികളും മറ്റും അടിമുടി ദുരൂഹമാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് മുറികളുള്ള ഫ്‌ളാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. എന്നാൽ, ചേതൻകുമാറും മൂന്ന് ഭാര്യമാരും അഞ്ചുമക്കളും ഉൾപ്പെടെ ഒൻപതുപേരും ഫ്‌ളാറ്റിലെ ഒരുമുറിയിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പോലീസ് പറയുന്നു. അതിനിടെ, സുജാതയുടെയും ഹീനയുടെയും മറ്റൊരു സഹോദരിയായിരുന്ന 16-കാരി ചേതൻകുമാറിൻ്റെ താമസസ്ഥലത്തുവെച്ച് മരിച്ച സംഭവത്തിലും ദുരൂഹതയുണ്ട്. സഹോദരിമാരുടെ വീട്ടിലെത്തിയ 16-കാരി ബാൽക്കണിയിൽനിന്ന് തുണിയെടുക്കുന്നതിനിടെ കാൽതെന്നി വീണ് മരിച്ചെന്നാണ് ചേതൻകുമാറും മറ്റുള്ളവരും മൊഴി നൽകിയിരുന്നത്. ഏഴുവർഷം മുൻപാണ് ഈ സംഭവമുണ്ടായതെന്നും ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ കുടുംബമോ മറ്റുള്ളവരോ അന്ന് പരാതി നൽകിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: Police recover mobile phone of Ghaziabad sisters who died by suicide. Phone potentially holds clues to their deaths. Investigations ongoing.