പിടികൂടിയത് 110 ലിറ്റര്‍ വ്യാജമദ്യം; മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായ ഹാരി ജോണും അമിതാബ് ചന്ദ്രനും
അറസ്റ്റിലായ ഹാരി ജോണും അമിതാബ് ചന്ദ്രനും

കരുനാഗപ്പള്ളി: എക്‌സൈസ് കരുനാഗപ്പള്ളി റേഞ്ച് എസ്.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ഓച്ചിറ വയനകം ഭാഗത്തുവെച്ച് ബുള്ളറ്റില്‍ കടത്തിക്കൊണ്ടുവന്ന വ്യാജമദ്യം പിടികൂടിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 100 ലിറ്റര്‍ വ്യാജമദ്യംകൂടി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി കാപ്പില്‍ കിഴക്ക് മരങ്ങാട്ട് വടക്കതില്‍ ഹാരി ജോണ്‍ (55), കാപ്പില്‍ മേക്ക് മുറിയില്‍ ചന്ദ്രാലയം വീട്ടില്‍ അമിതാബ് ചന്ദ്രന്‍ (39) എന്നിവരെയാണ് പിടികൂടിയത്.

താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാജമദ്യം ലഭിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ലതീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

വയനകം ഭാഗത്തുവെച്ച് പിടികൂടിയ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് കാപ്പില്‍ മേക്ക് ചന്ദ്രാലയം വീടിന്റെ കോമ്പൗണ്ടില്‍ ഇവര്‍ വ്യാജമദ്യം സൂക്ഷിച്ചിരിക്കുന്നതായി അറിയുന്നത്. തുടര്‍ന്ന് അവിടെനിന്നു 100 ലിറ്റര്‍ വ്യാജമദ്യംകൂടി കണ്ടെടുക്കുകയായിരുന്നു.

പിടിയിലായ പ്രതി ഹാരി ജോണ്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ സമാനരീതിയിലുള്ള ഒട്ടേറെ അബ്കാരി കേസുകളിലും വ്യാജമദ്യ നിര്‍മാണ യൂണിറ്റ് നടത്തിയ കേസുകളിലും പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇയാള്‍ വ്യാജമദ്യ മാഫിയയുമായി ബന്ധംപുലര്‍ത്തിയിരുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് സര്‍വീസില്‍നിന്നു നീക്കംചെയ്യപ്പെട്ട മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണെന്നും എക്‌സൈസ് അറിയിച്ചു. അമിതാബ് ചന്ദ്രന്‍ ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് അടുത്തകാലത്ത് നടന്ന ഒരു കൊലക്കേസിലെ പ്രതിയും ജാമ്യത്തില്‍ പുറത്തുവന്ന ആളുമാണ്.

പിടികൂടുന്നതിനിടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ ഉദ്യോഗസ്ഥരെ നേരിടുകയും ആക്രമിക്കുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും വ്യാജമദ്യം കൊണ്ടുവന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ലതീഷിനെ കൂടാതെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജി.അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.ശ്യാംദാസ്, എസ്.കിഷോര്‍, എച്ച്.ചാള്‍സ്, ബി.അന്‍സാര്‍, ജിനു തങ്കച്ചന്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.മോളി, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Content Highlights: former excise officer arrested with hooch in karunagappally kollam