കമന്റിട്ടതിന്റെ പേരിൽ മുൻ ബിജെപി കൗൺസിലറുടെ വീട് ആക്രമിച്ചു; യുവമോർച്ച നേതാവ് അടക്കം 5 പേർ പിടിയിൽ

പാലക്കാട്: പാലക്കാട് നഗരസഭയിലെ മുന്‍ ബി.ജെ.പി. കൗണ്‍സിലര്‍ കുന്നത്തൂര്‍മേട് എ.ആര്‍. നായര്‍ കോളനിയില്‍ താമസിക്കുന്ന അച്യുതാനന്ദന്റെ വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ യുവമോര്‍ച്ച ഭാരവാഹി ഉള്‍പ്പെടെ അഞ്ചുപേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. യുവമോര്‍ച്ച പാലക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി മണലി സ്വദേശി രാഹുല്‍ (22), രാഹുലിന്റെ സുഹൃത്തുക്കളായ കല്ലേപ്പുള്ളി സ്വദേശി അജീഷ്‌കുമാര്‍ (26), തേങ്കുറുശ്ശി സ്വദേശികളായ അജീഷ് (22), സീന പ്രസാദ് (25), അനുജില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45-നാണ് സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ല് എറിഞ്ഞുതകര്‍ക്കുകയായിരുന്നു. ബിയര്‍കുപ്പിയാണ് വീട്ടിലേക്കെറിഞ്ഞത്. വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തു. ഈ സമയം അച്യുതാനന്ദനും ഭാര്യയും മകളും പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമത്തിനുപിന്നാലെ അച്യുതാനന്ദന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അച്യുതാനന്ദന്റെ വീടുനുനേരേ നേരത്തേയും ആക്രമണമുണ്ടായിരുന്നു.
സാമൂഹികമാധ്യമത്തിലിട്ട, ഒരു കടയുടെ ഉദ്ഘാടനചിത്രത്തിനുതാഴെ അച്യുതാനന്ദന്‍ കമന്റ് ചെയ്തതിനെച്ചൊല്ലിയാണ് അക്രമമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിലാണ് അച്യുതാനന്ദന്‍. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുന്നയാളാണ്. ഇതുമായി ബന്ധപ്പെട്ട് മറുവിഭാഗത്തിന് വിയോജിപ്പുകളുണ്ടായിരുന്നതായും അച്യുതാനന്ദന്‍ പറയുന്നു. ഇതിനിടെയാണ് കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദവുമുണ്ടായത്.
അതേസമയം, ആക്രമണം നടത്തിയവരുമായി നേരിട്ട് ശത്രുതയില്ലെന്നും അക്രമത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കൂടി കണ്ടെത്തണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
Content Highlights: former bjp councilor home attacked palakkad accused yuvamorcha leader arrested