കണ്ണ് തകർന്നു, തോളെല്ല് പൊട്ടി, മുറിവുകൾ...- ഫരീദാബാദ് കൂട്ടബലാത്സംഗ അതിജീവിത നേരിട്ടത് ക്രൂരപീഡനം

ഫരീദാബാദ്: ഹരിയാണയിലെ ഗുരുഗ്രാമിൽ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിനിരയാക്കി റോഡിൽ വലിച്ചെറിയപ്പെട്ട യുവതി നേരിട്ടത് ക്രൂരപീഡനം. ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 25-കാരി അപകടനില തരണംചെയ്തെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. അതിജീവിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.ഒരു കണ്ണ് പൂർണമായും തകർന്നനിലയിലാണ്. മുഖത്തെ അസ്ഥികൾ പൊട്ടി ആഴത്തിൽ മുറിവുകളുണ്ട്. ഇരുപതിലധികം തുന്നിട്ടാണ് മുറിവുകൾ കൂട്ടിച്ചേർത്തത്. തലയ്ക്കും ഗുരുതരപരിക്കുണ്ട്. ഇത് ഓടുന്ന വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞപ്പോൾ സംഭവിച്ചതാണ്. തോളെല്ലും പൊട്ടി. പീഡനം ചെറുത്ത യുവതിയെ പ്രതികൾ ക്രൂരമായി മർദിച്ചു. ശബ്ദമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അനുസരിക്കാതിരുന്നപ്പോൾ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 8.30-ഓടെ ഫരീദാബാദിലെ വീട്ടിൽനിന്ന് സുഹൃത്തിനെ കാണാനായി പോയ യുവതിയാണ് പീഡനത്തിനിരയായത്. വാഹനം കാത്തുനിന്ന യുവതിക്ക് അർധരാത്രിയോടെ വാനിലെത്തിയ പ്രതികൾ ലിഫ്റ്റ് നൽകുകയായിരുന്നു. ശേഷം വഴിമാറ്റി വാഹനം ഓടിച്ച പ്രതികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ യുവതിയെ രാജാചൗക്കിനുസമീപം റോഡിലേക്ക് വലിച്ചെറിഞ്ഞു.
കടുത്തതണുപ്പിൽ ഒറ്റപ്പെട്ടുപോയ ഇവർ സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സഹോദരി നൽകിയ പരാതിയിലാണ് കേസെടുത്തത്. 25-നും 30-നും ഇടയിൽ പ്രായമുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും തെളിവെടുപ്പിനുശേഷമേ പേര് പുറത്തുവിടൂവെന്ന് പോലീസ് പറഞ്ഞു.
Content Highlights: faridabad rape case survivor had serious injuries