വിവാഹത്തിന് സമ്മതിച്ചില്ല; ഫരീദാബാദിൽ കാമുകനെ മദ്യം നൽകി കഴുത്തറുത്ത് കൊന്ന കാമുകി പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Canva
പ്രതീകാത്മകചിത്രം | Photo: Canva

ഛണ്ഡിഗഢ്: ഫരീദാബാദിൽ യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സത്‌ന ജില്ല സ്വദേശിയായ അനിത(33) ആണ് കാമുകൻ സദാഖത്തിനെ മദ്യം നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ജൂലായ് 25-നാണ് കൊലപാതകം നടന്നത്. അനിത അനങ്പൂർ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചുവരുത്തി മദ്യം നൽകി. രാത്രി വൈകി മദ്യലഹരിയിൽ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു. ഫരീദാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അനിത. ഇരുവരും നേരത്തെ വിവാഹിതരായിരുന്നുവെന്നും അനിതയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും പോലീസ് പറഞ്ഞു.

ഇരുവരും മുമ്പ് അനങ്പുർ ഗ്രാമത്തിൽ ഒരുമിച്ച് മുറി പങ്കിട്ടിരുന്നു, എന്നാൽ അവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഭൂവുടമ അനിതയോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പിന്നീട് അനങ്പുർ ഗ്രാമത്തിലെ ടോംക മൊഹല്ലയിൽ മറ്റൊരു മുറി വാടകയ്ക്ക് എടുത്തു. ഇവിടെയെത്തി സദാഖത്ത് അനിതയെ സന്ദർശിച്ചിരുന്നു.

സദാഖത്തിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നസാക്കത്ത് അലി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ജൂലായ് 23-ന് അലിഗഢിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സദാഖത്തിനെ പിന്നീട് ഫോണിലും ലഭ്യമല്ലാതായി. അനിതയോട് അന്വേഷിച്ചപ്പോൾ സദാഖത്ത് തന്റെ അടുത്ത് വന്നില്ലെന്നായിരുന്നു അവൾ മറുപടി നൽകിയത്. തുടർന്നാണ് അനിതയെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി നസാക്കത്ത് പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ച അനിത താമസിച്ചിരുന്ന വാടക മുറിയിൽ നിന്നും അഴുകിയ നിലയിൽ സദാഖത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. പരിശോധനയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിച്ചു. സദാഖത്തിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂരജ്കുണ്ഡ് പോലീസ് കൊലപാതകത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് പോലീസ് അനിതയെ പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlights: A 33-year-old woman arrested in Faridabad for the murder of her lover after he refused to marry her.