ഓട്ടോ ഓടിച്ചിരുന്ന ആൾ വിദേശത്തുപോയി വന്നപ്പോൾ ജോത്സ്യൻ; ഇൻസ്റ്റഗ്രാമിൽ താരം; പോക്സോകേസിൽ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

പുത്തൂർ (കൊല്ലം): പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ജോത്സ്യൻ വി.എസ്. മുരാരി തന്ത്രി എന്നറിയിപ്പെടുന്ന രാജൻ ബാബു ഇൻസ്റ്റഗ്രാമിലെ വൈറൽ താരം. അടുത്തിടെ ജോതിഷത്തിലേക്ക് തിരിഞ്ഞ ഇയാൾ സാമൂഹിക മാധ്യമം വഴിയും ആളുകളെ തന്റെ അടുക്കലേക്ക് എത്തിച്ചിരുന്നതായാണ് വിവരം.

മന്ത്രവാദംനടത്തി ബാധ ഒഴിപ്പിക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പതിനാറുകാരിയെ ഇയാൾ പീഡിപ്പിച്ചത്. പോലീസിൽ പരാതിനൽകിയതിനു പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ഭരണിക്കാവിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന ആളായിരുന്നു രാജൻ ബാബു. പിന്നീട് വിദേശത്ത് പോയി നാട്ടിലെത്തിയതോടെയാണ് പൂർണമായും ജോതിഷത്തിലേക്ക് തിരിഞ്ഞത്. സംസാരംകൊണ്ട് ആളുകളെ കൈയിലെടുക്കാൻ വളരെ സമർത്ഥനായിരുന്നതുകൊണ്ട് പലരും ഇയാളെ വിശ്വാസത്തിലെടുത്തിരുന്നു.

അടുത്തിടെ സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടനേകം റീൽസും ഇയാൾ പങ്കുവെച്ചിരുന്നു. 88000-ലേറെ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ ഇയാൾക്കുണ്ട്. പങ്കുവെച്ച പല വീഡിയോകൾക്കും മില്യണിലധികം വ്യൂവ്സും ഉണ്ട്.

ജ്യോതിഷവുമായി ബന്ധപ്പെട്ട് മുൻപ്‌ പെൺകുട്ടിയും അമ്മയും രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്.

രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളുകൾ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ രാജൻ ബാബു സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

Content Highlights: Kollam: "Exorcism" Deception Leads to Teenage Girl's Abuse; Fake Astrologer Arrested