സൈനികോദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽനിന്ന് 4 ലക്ഷം തട്ടി, നഗ്നഫോട്ടോ വാങ്ങി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് പണംതട്ടിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരുട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ അമൽ ശിവകുമാർ എന്ന ശ്രീജിത്തിനെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. സൈനികോദ്യോഗസ്ഥനെന്ന വ്യാജേന സമൂഹമാധ്യമത്തിൽ ഫോട്ടോകൾ പോസ്റ്റുചെയ്ത് യുവതിയുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെന്നാണ് വിഴിഞ്ഞം സ്വദേശിനിയുടെ പരാതി.
ആർമിയിൽ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ ഇയാൾ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് വാട്ട്‌സ്ആപ്പ് വഴി തുടർച്ചയായി സംസാരിച്ച് വിശ്വാസ്യത നേടിയശേഷം വിവാഹ വാഗ്ദാനവും നൽകി. തുടർന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പലഘട്ടങ്ങളായി യുവതിയിൽനിന്ന് 3,93,000 രൂപയും ഇയാൾ ബാങ്ക് അക്കൗണ്ട് വഴി കൈവശപ്പെടുത്തിയെന്ന് വിഴിഞ്ഞം സി.ഐ. കെ. ഹേമന്ത് കുമാർ പറഞ്ഞു.
വിവാഹവാഗ്ദാനം നൽകിയശേഷം നിർബന്ധിപ്പിച്ച് യുവതിയുടെ നഗ്നഫോട്ടോകൾ ഇയാൾ വാങ്ങിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ. എം. പ്രശാന്ത്, എ.എസ്.ഐ. സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സമാനമായ രീതിയിൽ തട്ടിപ്പിനിരയായ യുവതി ആത്മഹത്യചെയ്ത കേസിൽ പത്തനംതിട്ട കൂടൽ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റവും സ്ത്രീകളുടെ നഗ്നഫോട്ടോകൾ വാങ്ങിയതിനും കേസെടുത്തിട്ടുണ്ട്.
Content Highlights: Amal Sivakumar (Sreejith) arrested by Vizhinjam police for impersonating an army officer., Cheated a woman out of Rs 3,93,000 under the pretext of marriage., Extorted nude photos and faces similar charges in Pathanamthitta.