17-കാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ്; പ്രതിയായ കരാട്ടെ പരിശീലകന്‍ ഹാജരായില്ല, വിചാരണ മാറ്റിവെച്ചു

സിദ്ദീഖലി | ഫയല്‍ചിത്രം
സിദ്ദീഖലി | ഫയല്‍ചിത്രം

മഞ്ചേരി: എടവണ്ണപ്പാറയില്‍ കരാട്ടെ പരിശീലകന്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഞ്ചേരി ഒന്നാം സ്പെഷ്യല്‍ പോക്സോ കോടതിയില്‍ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന വിചാരണനടപടികള്‍ പ്രതി ഹാജരാകാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചു.

കൊണ്ടോട്ടി വാഴക്കാട് ഊര്‍ക്കടവ് വലിയാട്ടുവീട്ടില്‍ സിദ്ദീഖ് അലി(48)യാണ് കേസിലെ പ്രതി. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇയാള്‍ ഒന്നരവര്‍ഷത്തോളമായി റിമാന്‍ഡിലാണ്. പ്രതിയെ വിചാരണയ്ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന വിവരം ജയില്‍ അധികൃതര്‍ പോലീസിനു കൈമാറാന്‍ വൈകിയതാണ് ഹാജരാകാതിരിക്കാന്‍ കാരണമെന്നാണ് വിവരം. വിചാരണ ഓഗസ്റ്റ് 13-ന് തുടങ്ങും.

കരാട്ടെ പരിശീലനത്തിനെത്തിയപ്പോള്‍ സിദ്ദീഖ് അലി ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് 2023-ല്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണിത്.

പിന്നീട് പെണ്‍കുട്ടിയെ 2024-ഫെബ്രുവരി 19-ന് വൈകീട്ട് ഊര്‍ക്കടവ് ചാലിയാര്‍പുഴയുടെ തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വാഴക്കാട് പോലീസില്‍നിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെയാണ് തിങ്കളാഴ്ച ആദ്യ സാക്ഷിയായി വിചാരണചെയ്യേണ്ടിയിരുന്നത്.

അഡ്വ. കെ.കെ. സമദാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതി റിമാന്‍ഡിലായതോടെ ഒട്ടേറെ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ പീഡനപരാതിയുമായി രംഗത്തുവന്നിരുന്നു.

Content Highlights: Trial against karate instructor accused of sexually assaulting a minor postponed