നിലപാട് കടുപ്പിച്ച് DGP; അജിത് കുമാറില്‍നിന്ന് മൊഴിയെടുക്കും, വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണത്തിന് പുറമെ വിജിലന്‍സ് അന്വേഷണത്തിനും നീക്കം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണിത്. പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ വിജിലൻസ് അന്വേഷണവും വേണമെന്ന് ഡിജിപി ശുപാർശ ചെയ്തു. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തിൽ മുഖ്യമന്ത്രി വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകൽ, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം.
കൂടാതെ, എംഎൽഎയുടെ പരാതിയിൽ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നൽകും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിർദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും നടപടി.
Content Highlights: DGP wants Vigilance inquiry against Ajithkumar