പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പക; സഹപാഠിയെ ആക്രമിച്ച ജെഎൻയു വിദ്യാർഥി അറസ്റ്റിൽ

ഡൽഹി: വനിതാ സുഹൃത്തുമായി ഇടപഴകിയതിന്റെ പേരിൽ സഹപാഠിയെ ആക്രമിച്ചെന്ന കേസിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എംഎ വിദ്യാർഥിയായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. നവംബർ അഞ്ചിന് സർവകലാശാലാ ക്യാമ്പസിലെ ഒരു മുറിയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ നാലു വിദ്യാർഥികളിൽ പ്രതിയും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വസന്ത് കുഞ്ച് നോർത്ത് പോലീസ് കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ പ്രതിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഡൽഹിയിൽ മറ്റൊരു സംഭവത്തിൽ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതികൾ പിടിയിലായി. വസീറാബാദിൽ രവി എന്ന യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ മുഖ്യപ്രതി കമൽ ഗോസ്വാമിയെയും കൂട്ടാളി മോനുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വസീർപുർ സ്വദേശികളാണ് ഇരുവരും. മുൻവൈരാഗ്യത്തെ തുടർന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
2021ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കൊലപാതകക്കേസിലെ പ്രതി കൂടിയായ രവി ഈ വർഷം ഒക്ടോബറിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. ഈ കേസിലെ, കൊല്ലപ്പെട്ടയാളുടെ സുഹൃത്തായിരുന്നു കമൽ ഗോസ്വാമി.
തിങ്കളാഴ്ച രാത്രി വൈകിയാണ് കമൽ ഗോസ്വാമിയിൽ നിന്നും രവിക്ക് വെടിയേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിറ്റേദിവസം രാവിലെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: A JNU MA student was arrested by Delhi Police for allegedly assaulting a fellow student inside the campus over interacting with a female friend., An FIR for attempted murder was registered at the Vasant Kunj North police station following a complaint., In a separate incident in Wazirabad, the main accused and his accomplice were arrested for the shooting and murder of a man named Ravi due to past rivalry.