'കുട്ടി ഒന്ന് കരഞ്ഞു, പിന്നെ അനക്കമില്ല, കാമുകൻ കുഴിച്ചിട്ടു'; ലോകം കാണുംമുൻപേ പെൺകുഞ്ഞ് മടങ്ങി

പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേരും അറസ്റ്റിൽ. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാൻഡു ചെയ്തു. ഡോണയൊഴികെയുള്ളവർ പോലീസ് കസ്റ്റഡിയിലായിരുന്നു.
ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാൻഡു ചെയ്തത്. തത്കാലം ആശുപത്രിയിൽ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് ഡോണ പെൺകുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതിൽ വ്യക്തത വന്നില്ല.
ഭാരതീയ ന്യായസംഹിത 93, 3(5), 91, 94, 258 വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് എന്നിവ പ്രകാരമാണു കേസ്. 12 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ അച്ഛനുമമ്മയും ചേർന്ന് ഉപേക്ഷിക്കുക, ഇതിന് മറ്റുള്ളവരുടെ സഹായം തേടുക തുടങ്ങിയവയ്ക്കെതിരേയുള്ള വകുപ്പുകളാണു ചേർത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരപ്രകാരം വകുപ്പുകൾ കൂട്ടിച്ചേർക്കും.
അതിന്റെ വിശദാംശങ്ങൾ ലഭിച്ചാലേ കൂടുതലെന്തെങ്കിലും പറയാൻ കഴിയൂവെന്ന് പൂച്ചാക്കൽ എസ്.എച്ച്.ഒ. എൻ.ആർ. ജോസ് പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല. സാംപിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.
പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ലോകം കാണുംമുൻപേ ആ പെൺകുഞ്ഞ് മടങ്ങി
പൂച്ചാക്കൽ: ലോകമെന്തെന്നറിയുംമുൻപേ മരിച്ചുപോയ നവജാതശിശുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. പൂച്ചാക്കൽ സ്വദേശിയായ അമ്മ ഡോണ ജോജിയുടെ രണ്ടു ബന്ധുക്കളും പാണാവള്ളി പഞ്ചായത്തംഗം ബേബി ചാക്കോയും ഏതാനുംപേരും എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുകയായിരുന്നു.
നാട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തുന്നതിനുള്ള അസൗകര്യങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും പോലീസിനെയറിയിച്ചു. തുടർന്ന് തിങ്കളാഴ്ച മൂന്നുമണിയോടെ സംസ്‌കരിച്ചു. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ എൻ.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്.
കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. വയറുവേദനയുമായി ഡോണ ജോജി ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ ഡോക്ടർമാർക്ക് പ്രസവിച്ചതായി സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു. ഇവരുടെ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. കാമുകൻ തോമസ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചിട്ടുള്ളയാളാണ്. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് ഇവർ പരിചയപ്പെടുന്നത്.
Content Highlights: death of newborn alappuzha case girl and boyfriend