ഇരുമ്പയിര് കടത്ത്: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഇരുമ്പയിര് കടത്തുകേസില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പു ചുമത്തിയാണ് നടപടി. കാര്‍വാര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് സതീഷ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 13-നും 14-നും ഇഡി ഉദ്യോഗസ്ഥര്‍ കാര്‍വാര്‍, ഗോവ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ സതീഷുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സതീഷിന്റെ വീട്ടില്‍നിന്ന് 1.41 കോടി രൂപയും സതീഷുമായി ബന്ധമുള്ള ലാല്‍മഹല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് 27 ലക്ഷം രൂപയും കുടുംബത്തിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 6.75 കിലോഗ്രാം സ്വര്‍ണാഭരണവും പിടിച്ചെടുത്തിരുന്നു. സതീഷിന്റെ പേരിലുള്‍പ്പെടെയുള്ള 14.13 കോടി രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു.
സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന്‍ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡും മറ്റു കമ്പനികളും ചേര്‍ന്ന് ഉത്തരകന്നഡ ജില്ലയിലെ ബിലികെരി തുറമുഖത്തുനിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 1.25 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്.
2010 എപ്രില്‍ 19-നും ജൂണ്‍ 10-നുമിടയിലാണെന്നും ഇഡി കണ്ടെത്തി. വനംവകുപ്പ് പിടിച്ചിട്ടിരുന്ന ഇരുമ്പയിരായിരുന്നു കടത്തിയത്. 86.78 കോടി രൂപയുടെ ഇരുമ്പയിരാണ് കടത്തിയത്.
2010-ല്‍ ലോകായുക്തയാണ് ആദ്യം കേസെടുത്ത് അന്വേഷിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം സതീഷ് സെയിലിനും കൂട്ടുപ്രതികള്‍ക്കും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈവിധിയുടെ ചുവടുപിടിച്ചാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇഡി അറസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസുകാരെ ഇഡി ലക്ഷ്യമിടുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.
ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഇഡി അറസ്റ്റുചെയ്യുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് സതീഷ് സെയില്‍. ചിത്രദുര്‍ഗ എംഎല്‍എ കെ.സി. വീരേന്ദ്രയെ നിയമവിരുദ്ധ ചൂതാട്ടക്കേസില്‍ ഇഡി അടുത്തിടെ അറസ്റ്റുചെയ്തിരുന്നു.
Content Highlights: Karnataka Congress MLA Satish Sail arrested by Enforcement Directorate