കോണ്‍ഗ്രസ് MLA പ്രതിയായ ചൂതാട്ടക്കേസ്; പിടിച്ചെടുത്തത് 40 കിലോ സ്വര്‍ണക്കട്ടികള്‍, വില 50.33 കോടി രൂപ

കെ.സി. വീരേന്ദ്ര
കെ.സി. വീരേന്ദ്ര

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്ര പ്രതിയായ ചൂതാട്ടക്കേസുമായി ബന്ധപ്പെട്ട് 50.33 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ചിത്രദുര്‍ഗയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ലോക്കറുകളില്‍ നിന്നായി 24 കാരറ്റിന്റെ 40 കിലോ സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു.

ഇതിനുമുന്‍പ് ഇതേ കേസില്‍ 21 കിലോ സ്വര്‍ണം ഉള്‍പ്പെടെ 103 കോടി രൂപയുടെ സ്വത്തുകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

വീരേന്ദ്രയും കുടുംബാംഗങ്ങളും അനധികൃതമായി നടത്തിയ ചൂതാട്ട വെബ് സൈറ്റുകളിലൂടെ 2000 കോടിയിലേറെ രൂപ സമ്പാദിച്ചെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ നേടിയ കള്ളപ്പണം വിവിധ ബിനാമി ഇടപാടുകളിലൂടെ വെളുപ്പിച്ചതായി തെളിഞ്ഞെന്നാണ് ഇഡിയുടെ വിശദീകരണം.

ഓഗസ്റ്റില്‍ ബെംഗളൂരു, ചിത്രദുര്‍ഗ അടക്കം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയ്ക്കുശേഷം സിക്കിമില്‍നിന്ന് വീരേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. ചിത്രദുര്‍ഗ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന വീരേന്ദ്ര മുന്‍പ് ജെഡിഎസിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Content Highlights: Enforcement Directorate seizes 40kg gold worth Rs 50.33 crore in connection with a gambling case involving Congress MLA K.C. Veereendra. Over Rs 2000 crore allegedly earned.