ബാക്കിവന്ന മദ്യത്തെച്ചൊല്ലിയുള്ള തർക്കം, മീൻവെട്ടുകത്തികൊണ്ടു സുഹൃത്തുക്കളെ കുത്തി; കേസ്

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തൊടുപുഴ (ഇടുക്കി): ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ബാക്കി വന്ന മദ്യത്തെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ആലക്കോട് ചവർണയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ചവർണ കോളാപ്പിള്ളിൽ അഖിൽ ജയൻ, പൂക്കോളയിൽ ജിതിൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. 

ഇവരെ കുത്തിയ വെള്ളിലാംചോട്ടിൽ ഫൈസൽ മൈതീനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുപേരും സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ ബാക്കിയുണ്ടായിരുന്ന മദ്യം ഫൈസൽകൊണ്ടു പോകാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന മീൻ വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് ഫൈസൽ ഇവരെ ആക്രമിക്കുകയായിരുന്നു. പുറത്ത് ആഴത്തിൽ കുത്തേറ്റ അഖിലിനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ജിബിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. തൊടുപുഴ പോലീസ് കേസെടുത്തു.

Content Highlights: clash over liquor stabbed