മുഖ്യമന്ത്രിയുടെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി തട്ടിപ്പ്; റൗഡി ലിസ്റ്റിൽ ഉള്ളയാൾ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ സ്വന്തമാക്കി മുഖ്യമന്ത്രിയെന്ന വ്യാജേന തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. വെമ്പായം സ്വദേശി ഷംനാദാണ്‌ (41) പിടിയിലായത്. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കള്ളനോട്ട് കേസിലുൾപ്പെടെ പ്രതിയാണെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.

പ്രതിപക്ഷനേതാവായിരിക്കെ, വി.ഡി. സതീശന് അനുവദിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ പിന്നീട് അദ്ദേഹം സറണ്ടർ ചെയ്തിരുന്നു. ഈ നമ്പർ ബി.എസ്.എൻ.എല്ലിന് പ്രത്യേക അപേക്ഷ നൽകി ഷംനാദ് സ്വന്തമാക്കുകയായിരുന്നു. തുടർന്ന് ഡി.വൈ.എസ്.പി.മാർ, സി.ഐ.മാർ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ച് മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടു. ട്രൂ കോളറിൽ 'വി.ഡി. സതീശൻ' എന്ന് പേര് കാണിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥരിൽ പലരും ഇയാളെ വിശ്വസിച്ചു. വി.ഡി. സതീശന്റെ ചിത്രം പ്രൊഫൈൽ ചിത്രമായും ഉപയോഗിച്ചിരുന്നു.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് നിർദേശം നൽകിയതിൽ സംശയം തോന്നിയ ഒരു സി.ഐ. നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വി.ഡി. സതീശൻ ആ നമ്പർ നിലവിൽ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ പേരിൽ ഷംനാദ് എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മറ്റ് പല നേതാക്കളും മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Content Highlights: Police arrested Shamnad, a rowdy-listed individual from Vembayam, for acquiring Chief Minister VD Satheesan's former official phone number and impersonating him to defraud high-ranking police officers and officials.