സെബാസ്റ്റ്യനായി ഹാജരാകാന്‍ അഭിഭാഷകനില്ല, നിയമസഹായം നല്‍കാന്‍ നിര്‍ദേശം; കസ്റ്റഡി നീട്ടിനല്‍കി

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് 12 വരെ നീട്ടി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്.
പ്രതിയുടെ കസ്റ്റഡി ഏഴുദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. കൂടുതല്‍ ചോദ്യംചെയ്യാനും ശാസ്ത്രീയമായ തെളിവുശേഖരണത്തിനും പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വാദം. അതേസമയം, സെബാസ്റ്റ്യനുവേണ്ടി അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ നിയമസഹായത്തിന് വേണ്ട സൗകര്യംചെയ്തുനല്‍കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ജെയ്‌നമ്മയുടെ തിരോധാനത്തിന് പുറമേ മറ്റുരണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടും സെബാസ്റ്റ്യന്‍ സംശയനിഴലിലാണ്. ഇവരെയെല്ലാം സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രതിയുടെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നടത്തിയ തിരച്ചിലില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതാണെന്നാണ് സംശയം. ഇതിന്റെ ഡിഎന്‍എ പരിശോധനാഫലം ഈയാഴ്ചതന്നെ ലഭിച്ചേക്കും. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ ഭാര്യയെയും സുഹൃത്തായ റോസമ്മയെയും വീണ്ടും ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Content Highlights: Custody of Sebastian, accused in Jainamma missing case, extended till August 12.