സൂംബ പോസ്റ്റിന് വിദ്വേഷ കമന്റ്, CPM ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ കേസ്; സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി: മതസ്പര്‍ധയുണ്ടാക്കുംവിധം ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ട സംഭവത്തില്‍ പിടിഎ പ്രസിഡന്റും സിപിഎം മൂലങ്കാവ് ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.ജി. ഷാജിയെ പ്രതിയാക്കി ബത്തേരി പോലീസ് കേസെടുത്തു. മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായി ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 299 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് ബത്തേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇ.പി. അബ്ദുള്‍ ജലീലിന്റെ പരാതിയില്‍ തിങ്കളാഴ്ചയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കെ.ജി. ഷാജിയുടെ മൊഴിയെടുത്ത് കേസില്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കുശേഷമാകും അറസ്റ്റുചെയ്യുകയെന്നും പോലീസ് പറഞ്ഞു.
അതേസമയം, മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി കെ.ജി. ഷാജി ഞായറാഴ്ച സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. തിങ്കളാഴ്ച സ്‌കൂളില്‍ ചേര്‍ന്ന യോഗം രാജി സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാലയങ്ങളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ശനിയാഴ്ച ഷാജി കമന്റിട്ടത്. ഇതിലെ പരാമര്‍ശങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്. വിവാദമായതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ബത്തേരി ഏരിയാകമ്മിറ്റി അറിയിച്ചിരുന്നു. പിടിഎ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
Content Highlights: Case against CPM local leader for a Facebook comment deemed to promote religious hatred