കാമുകനുമൊത്ത് ജീവിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും യുവതി കൊലപ്പെടുത്തി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: MBI
പ്രതീകാത്മകചിത്രം | Photo: MBI

ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തിന്റെ പേരിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി.ബെംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സോമസുന്ദരം, മുത്തുലക്ഷ്മി, സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതിമാരുടെ മകളായ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ശ്വേതയ്ക്ക് കെന്നത്തുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ശ്വേതയുടെ മാതാപിതാക്കൾ ഈ ബന്ധത്തെയും തീരുമാനത്തെയും ശക്തമായി എതിർത്തു. ഈ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം

കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അപ്പാർട്ട്‌മെന്റിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. കെ.ആർ പുരം പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ശ്വേതയും കെന്നത്തും ബെംഗളൂരു നഗരം വിട്ട് അയൽസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലേക്കോ തമിഴ്നാട്ടിലേക്കോ കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

Content Highlights: Triple murder reported in Sigehalli, KR Puram, Bengaluru., Victims identified as Somasundaram, Muthulakshmi, and Supriya., Accused Shweta and her boyfriend Kenneth fled the scene., Police suspect the motive was parental opposition to their live-in relationship., Special police teams deployed to track the suspects at state borders.