'ജയിലിൽ ഇട്ടാലും ഭാര്യക്കൊപ്പം താമസിക്കില്ല';കാണാതായ ടെക്കിയെ തീയേറ്ററിൽ നിന്ന് കണ്ടെത്തി,ട്വിസ്റ്റ്

പ്രതീകാത്മകചിത്രം  | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ബെംഗളൂരു: കാണാതായ ഭർത്താവിനെ കണ്ടെത്തിത്തരണമെന്ന് യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്. ഒടുവിൽ പോലീസ് ഭർത്താവിനെ കണ്ടെത്തിയപ്പോൾ വൻ ട്വിസ്റ്റ്. 'തന്നെ ജയിലിൽ ഇട്ടാലും കുഴപ്പമില്ല, ഭാര്യയ്ക്കൊപ്പം പോകില്ല' എന്ന് ഭർത്താവ്. സംഭവം ബെംഗളൂരുവിലാണ്. 

ബെംഗളൂരു നോർത്തിൽ താമസക്കാരനും ടെക്കിയുമായ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4-നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ പോയി തിരിച്ചു വന്നപ്പോൾ ഭർത്താവിനെ കാണാതായെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഭർത്താവിനെ കണ്ടെത്താനാകാത്തതോടെ, 'തന്റെ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടു പോയെന്നും പരാതി നൽകിയിട്ടും പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല' എന്നും ചൂണ്ടിക്കാട്ടി യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പലയിടങ്ങളിലും പോലീസ് തിരഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയിടങ്ങളിലെ സി.സി.ടി.വി. അടക്കം പോലീസ് പരിശോധിച്ചു. എന്നാൽ യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചില്ല. ഇതിനിടെ പുതിയ സിം വാങ്ങിയ യുവാവ് പഴയ ഫോണിൽ ഇട്ടതോടെ കാര്യങ്ങളിൽ വ്യക്തത വന്നു. പോലീസിന് ഇയാള്‍ എവിടെയുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് നോയിഡയിലെ മാളിലെ തീയേറ്ററിൽ നിന്ന് ഇറങ്ങി വന്ന യുവാവിനെ മഫ്തിയിലെത്തിയ പോലീസ് സംഘം വളഞ്ഞു. തങ്ങൾ പോലീസാണെന്നും കൂടെ വരണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ തിരികെ തന്റെ നാട്ടിലേക്ക്‌ പോകാമെന്ന പോലീസിന്റെ ആവശ്യം യുവാവ് ശക്തമായി തള്ളി.

'നിങ്ങൾ എന്നെ ജിയിലിലിട്ടോ, ഞാൻ അവിടെ താമസിച്ചോളാം. എന്നാലും ഞാൻ അങ്ങോട്ട് തിരിച്ച് വരില്ല'- യുവാവ് പോലീസിനോട് പറഞ്ഞു. എന്നാൽ ഭാര്യ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അത് തീർപ്പാക്കണമെങ്കിൽ അവരുടെ സാന്നിധ്യം ആവശ്യമാണെന്നും പോലീസ് അറിയിച്ചതോടെ യുവാവ് തിരികെ ബെംഗളൂരുവിലേക്ക് വരാൻ തയ്യാറായി' ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കെംപ​ഗൗഡ വിമാനത്താവളത്തിലെത്തിച്ച യുവാവിനെ പോലീസ് വീട്ടിലേക്കയച്ചു.

താൻ അവളുടെ രണ്ടാം ഭർത്താവാണെന്നും മൂന്ന് വർഷം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും യുവാവ് പറഞ്ഞു. '12 വയസ്സുള്ള മകളുള്ള അവരെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറായി. ഞങ്ങൾക്ക് ഇരുവർക്കും എട്ട് മാസം പ്രായമുള്ള മകളുമുണ്ട്. എന്നാൽ അവർ എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ്, എന്റെ പ്ലേറ്റിൽ ഒരു ഒരു പീസ് ചപ്പാത്തിയോ അരിമണിയോ ബാക്കിയായാൽ അവൾ വഴക്കിടും. അവളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കേണ്ടത്. ഒറ്റക്ക് പുറത്ത് പോകാനോ ചായ ആസ്വദിച്ച് കുടിക്കാൻ പോലും എനിക്ക് അനുവാദമില്ലെ'- യുവാവ് പറഞ്ഞു. നിരന്തരമായി തന്നെ യുവതി ശല്യം ചെയ്യുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും യുവാവ് പോലീസിനോട് പരാതിപ്പെട്ടു.

Content Highlights: Bengaluru Techie Runs Away To Noida To Escape Wife Torture