വനിതാ ഡോക്ടറുടെ മരണം കൊലപാതകം: അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് കൊന്നത് ഡോക്ടറായ ഭര്‍ത്താവ്; അറസ്റ്റ്

ഡോ. കൃതിക റെഡ്ഡിയും ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയും | Photo Courtesy: x.com/HateDetectors & NDTV
ഡോ. കൃതിക റെഡ്ഡിയും ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയും | Photo Courtesy: x.com/HateDetectors & NDTV

ബെംഗളൂരു: വനിതാ ഡോക്ടറുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്‌ചെയ്തത്.

ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് പിടികൂടിയത്. അമിതമായ അളവില്‍ അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് ഭര്‍ത്താവ് കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൃതികയുടെ മരണം നടന്ന് ആറുമാസത്തിന് ശേഷമാണ് ഭര്‍ത്താവ് കേസില്‍ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വീട്ടില്‍വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെന്നുമായിരുന്നു ഡോ. മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൃതികയുടെ മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ അസ്വാഭാവികമരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്‍ജക്ഷന്‍ സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്‌തേഷ്യയായി നല്‍കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രാസപരിശോധനയില്‍ നിര്‍ണായകവിവരം ലഭിച്ചതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.

നിലവില്‍ കണ്ടെത്തിയ തെളിവുകളെല്ലാം ഭര്‍ത്താവിന് എതിരാണെന്നാണ് പോലീസ് നല്‍കുന്നവിവരം. മെഡിക്കല്‍രംഗത്തെ വൈദഗ്ധ്യം ഉപയോഗിച്ച് സംഭവം സ്വാഭാവികമരണമായി വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.

യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഭര്‍ത്താവായിരുന്നു. എന്നാല്‍, അദ്ദേഹം ആശുപത്രിയില്‍ ഒന്നും വെളിപ്പെടുത്തിയില്ല. ഭാര്യയ്ക്ക് സുഖമില്ലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നതായുമാണ് പറഞ്ഞത്. പക്ഷേ, അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ചാണ് അവരുടെ മരണം സംഭവിച്ചതെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പ്രതികരിച്ചു.

മരിച്ച കൃതിക റെഡ്ഡിയും ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡിയും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡോക്ടമാരായിരുന്നു. 2024 മേയ് 26-നായിരുന്നു ഇരുവരുടെയും വിവാഹം.

Content Highlights: Bengaluru police arrest a doctor husband for allegedly murdering his wife, a fellow doctor, by administering an excessive dose of anesthesia. Investigation reveals suspicious medical equipment.