രണ്ടാമത് ടച്ചിങ്സ് ചോദിച്ചതിന് യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചോറ്റാനിക്കര: ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. തലക്കോട് സ്വദേശി അനന്തു (28) വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു അനന്തു. മർദനത്തിൽ സുഹൃത്ത് അനോജി (28) നും പരിക്കുണ്ട്.

ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്തതുമാണ് തർക്കത്തിനു കാരണം. തർക്കത്തിനിടെ സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണു പരാതി.

ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ അവിടെനിന്നുപോയതായി പറയുന്നു. ഒപ്പം ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളേജിലേക്കു മാറ്റി.

തലയിൽ ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിറ്റേദിവസമാണ് വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ യുവാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Content Highlights: 28-year-old man is critically injured after a bar assault in Chootanikkara