ബംഗ്ലാദേശികളുടെ അറസ്റ്റ്; ആധാർ കാർഡ് ലഭിച്ചത് ബെംഗളൂരുവിൽനിന്ന്, പിന്നാലെ കൂടുതൽ ആളുകളെ എത്തിച്ചു

കൊട്ടാരക്കര: ബംഗ്ലാദേശികൾ പിടിയിലായ സംഭവത്തിൽ വ്യാജരേഖാനിർമാണം, ദുരുപയോഗം എന്നീ വകുപ്പുകൾകൂടി ഉൾപ്പെടുത്തി പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. എഫ്.ഐ.ആറിൽ അനധികൃത കുടിയേറ്റത്തിനെതിരേയുള്ള എമിഗ്രേഷൻ ആക്ട് മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെയാണ് ആധാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമായി നിർമിച്ചതും ദുരുപയോഗംചെയ്തതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത്.
നിലവിൽ കൊട്ടാരക്കര സി.ഐ.ക്കാണ് അന്വേഷണച്ചുമതല. എന്നാൽ, ഇവരുടെ സാമ്പത്തിക ഇടപാടുകൾ, വ്യാജരേഖാനിർമാണത്തിനുള്ള സഹായം തുടങ്ങിയവ കണ്ടെത്താൻ മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന ആവശ്യവും പോലീസിൽ ഉയരുന്നുണ്ട്.
കൊട്ടാരക്കരയിൽ പിടിയിലായ പത്തംഗസംഘത്തിലെ പ്രധാനിക്ക് ഒറിജിനൽ ആധാർ കാർഡ് ലഭിച്ചത് ബെംഗളൂരു സൗത്ത് ഇലക്ട്രോണിക് സിറ്റിയിൽനിന്നാണ്. ഈ ആധാർ ഉപയോഗിച്ചാണ് റേഷൻ കാർഡ് ഉൾപ്പെടെ മറ്റു രേഖകളെല്ലാം സ്വന്തമാക്കി താമസമുറപ്പിച്ചതും കൂടുതൽ ആളുകളെ ബംഗ്ലാദേശിൽനിന്ന് എത്തിച്ചതും.
വോട്ടർ ഐ.ഡി. ഉൾപ്പെടെ ഇവരുടെ കൈവശമുള്ള രേഖകൾ വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. കരുനാഗപ്പള്ളിയിലുള്ള അക്ഷയ കേന്ദ്രം മുഖേനയാണ് റേഷൻ കാർഡ് സ്വന്തമാക്കിയത്. പ്രധാന പ്രതി മുംതാസ് ഗൃഹനായികയായ റേഷൻ കാർഡിൽ, ഭർത്താവും കുട്ടികളും ഭർത്താവിന്റെ അനുജനും അംഗങ്ങളാണ്.
ചവറ, നീണ്ടകര, പുതിയകാവ്, കൊച്ചാലുംമൂട് എന്നിവിടങ്ങളിലെല്ലാം ഇവർ താമസിച്ചിട്ടുണ്ട്. ഇവർക്ക് താമസിക്കാനും രേഖകൾ തയ്യാറാക്കാനും സഹായംചെയ്ത ആളിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചു. റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
പോലീസ് അന്വേഷണത്തോടൊപ്പംതന്നെ എ.ടി.എസും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മുംതാസിന്റെ ഫോൺവിളികൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ ഭർത്താവ് അമിജാൻ നാലു മാസം മുൻപാണ് ബംഗ്ലാദേശിലേക്കു മടങ്ങിയത്. കൊട്ടാരക്കരയിലുള്ള ആക്രിവ്യാപാരശാലയിലെ ബിഹാർ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയപ്പോഴാണ് കരുനാഗപ്പള്ളിയിൽനിന്ന് സംഘം കൊട്ടാരക്കരയിലെത്തിയത്.
Content Highlights: Police added forgery and misuse of documents charges to the FIR. The primary accused obtained an original Aadhaar card from Bengaluru Electronic City. Fake ration cards were procured through an Akshaya center in Karunagappally. ATS is investigating the case alongside local police, focusing on the main suspect's phone records.