അശ്ലീല ചാറ്റ് മുതൽ ചൂടുവെള്ളം വരെ; അശ്വതി അച്ചുവിന്റെ വലയിൽ വീണത് ഉന്നതർ; അമ്മയെ ഗുരുതരമായി പൊള്ളലേൽപ്പിച്ചു

കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയ്ക്കുമേൽ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു സ്ഥിരം കുറ്റവാളി. നേരത്തെ വിവാഹ വാഗ്ദാനംനൽകി 68-കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പോലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പ്രമുഖരേയും കുടുക്കിയ സംഭവത്തിലും അശ്വതിക്കെതിരേ പരാതി ഉയർന്നിരുന്നു.
സ്വത്ത് തർക്കത്തെത്തുടർന്ന് സ്വന്തം അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച സംഭവത്തിലാണ് ഇപ്പോൾ അശ്വതിയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരേ കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലെ അശ്വതി അച്ചു
സാമൂഹിക മാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഉന്നതരുമായി അശ്ലീല ചാറ്റടക്കം നടത്തി ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ നേരത്തെ അശ്വതിയ്ക്കെതിരേ പരാതി ഉയർന്നിരുന്നു. 2022 ലായിരുന്നു സംഭവം. ആദ്യഘട്ടത്തിൽ പരാതിയുമായി നിരവധി പേർ രംഗത്തെത്തിയെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാതെ വന്നതോടെ തുടർ നടപടികൾ വഴിമുട്ടി.
പോലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കിയതായി അശ്വതി അച്ചുവിനെതിരേ നേരത്തെ പരാതികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു റിട്ട.എസ്.ഐ.യും ഇവരുടെ ചതിയിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി ഇദ്ദേഹത്തിൽനിന്നും വൻതുക വാങ്ങിയെടുക്കുകയും പിന്നീട് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇദ്ദേഹത്തിനെതിരേ പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ പല പോലീസുകാരും ഇവർക്കെതിരേ പരാതി നൽകിയിട്ടില്ല. ചില പരാതികളെല്ലാം പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്തു.
66-കാരനെ പറ്റിച്ച കേസിലും പ്രതി
റിട്ട. ബാങ്ക് ജീവനക്കാരനെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ അശ്വതി അറസ്റ്റിലായിരുന്നു. പരാതിക്കാരന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ടുപെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകൾ ഭിന്നശേഷിക്കാരിയാണ്. ഈ മകളെ പരിചരിക്കാനും സംരക്ഷിക്കാനുമായാണ് പരാതിക്കാരൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ മോഹനൻ എന്നയാളാണ് അശ്വതി അച്ചുവിനെ പരാതിക്കാരന് പരിചയപ്പെടുത്തി നൽകിയത്. പരാതിക്കാരൻ ഇവരെ നേരിട്ട് കണ്ടതോടെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, തനിക്ക് 40,000 രൂപയുടെ ബാധ്യതയുണ്ടെന്നും അത് തീർത്തിട്ടേ വിവാഹം കഴിക്കാനാവൂ എന്നും അശ്വതി പറഞ്ഞു. ഇതോടെയാണ് പരാതിക്കാരൻ ബാധ്യതകൾ തീർക്കാനായി പണം നൽകിയത്.
രണ്ടുഘട്ടങ്ങളിലായാണ് അശ്വതി അച്ചു 66-കാരനിൽനിന്ന് പണം തട്ടിയതെന്നാണ് വിവരം. ആദ്യം 25,000 രൂപ കൈക്കലാക്കി. പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്താനും രജിസ്റ്റർ വിവാഹം നടത്താമെന്നും അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി ഒരുദിവസം പൂവാറിലെ ആധാരം എഴുത്ത് ഓഫീസിൽ യുവതി എത്തി. എന്നാൽ, ഫോട്ടോ എടുക്കാൻ മറന്നുപോയെന്ന് പറഞ്ഞ് രജിസ്റ്റർ വിവാഹത്തിനുള്ള നടപടിക്രമങ്ങൾ മുടക്കി. ഈ ദിവസമാണ് 15,000 രൂപകൂടി കൈക്കലാക്കിയത്. ഈ പണവുമായി പോയ അശ്വതി അച്ചു പിന്നീട് അതിവിദഗ്ധമായി മുങ്ങുകയായിരുന്നു.
പിന്നീട് പരാതിക്കാരൻ യുവതിയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ ഫോണെടുത്തില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായ 66-കാരൻ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാൽ, കേസെടുക്കേണ്ടെന്നും പണം തിരികെവാങ്ങി നൽകിയാൽ മതിയെന്നുമായിരുന്നു ആവശ്യം. പരാതിയിൽ മൊഴി നൽകാനും ഇദ്ദേഹം തയ്യാറായില്ല. തുടർന്ന് പോലീസ് അശ്വതി അച്ചുവിനെ ഫോണിൽ വിളിച്ച് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ സ്റ്റേഷനിൽ വരാൻ കൂട്ടാക്കിയില്ല. 40,000 രൂപ വാങ്ങിയിട്ടില്ലെന്നും വെറും ആയിരം രൂപ മാത്രമാണ് താൻ വാങ്ങിയതെന്നുമായിരുന്നു യുവതിയുടെ മറുപടി.
പരാതിക്കാരന് പണംതിരികെ നൽകാൻ തയ്യാറാകാതിരുന്ന അശ്വതി ഇതിനിടെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കേസുമായി മുന്നോട്ടുപോകാൻ ഇയാൾ തീരുമാനിച്ചത്. തുടർന്ന് പൂവാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. 2023-ൽ ആയിരുന്നു ഇത്.
കേസിൽ പോലീസിനെ വട്ടംചുറ്റിച്ച അശ്വതിയെ അതിവിദഗ്ധമായി സൈബർ സെല്ലിന്റെ സഹായത്തോടെ മുട്ടടയിലെ ഫ്ലാറ്റിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്.
പെറ്റമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ക്രൂരത
വീടും സ്ഥലവും എഴുതിത്തരണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം അശ്വതി, അമ്മയുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചത്. അശ്വതിയുടെ മകൾ അമൃതയും രാധാമണിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. മാതാവ് രാധാമണിയുടേയും പിതാവ് അശോകന്റേയും പേരിലുള്ള വസ്തുവിലായിരുന്നു അശ്വതി താമസിച്ചിരുന്നു. ഇത് തന്റെ പേരിൽ എഴുതിത്തരണമെന്നായിരുന്നു അശ്വതിയുടെ ആവശ്യം. നിരന്തരം ഇത്തരത്തിൽ തർക്കമുണ്ടായിരുന്നതായും പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ അശ്വതി മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കി ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവർക്കുമെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ചടയമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അശ്വതിക്കും മകൾക്കുംവേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Aswathy Achu poured boiling water on her mother, Radhamani, over a property dispute in Kollam., Chadayamangalam police registered a non-bailable case against Aswathy and her daughter., Aswathy has a criminal history, including honey-trap allegations involving politicians and police officers in 2022., She was previously arrested in 2023 for cheating a 68-year-old man under the pretext of marriage.